ഡല്‍ഹി: തീവ്രചുഴലിക്കാറ്റായി തരംതിരിച്ചിരുന്ന 'അക്വാൻ ' ഇന്ന് പുലർച്ചെ 2:30ഓടെ ദുർബലമായതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്.
അക്വാന്റെ സ്വാധീനത്തില്‍ ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്.
ഒഡീഷയിലെ ഗോപാല്‍പൂരിനടുത്തായി അക്വാൻ കരയില്‍ പതിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. എന്നാല്‍ അതിന് മുമ്പുതന്നെ അക്വാൻ ചുഴലിക്കാറ്റ് ദുർബലമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ മുന്നോടിയായി ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയും 400 ലധികം രക്ഷാപ്രവർത്തകരെ വിന്യസിക്കുകയും ചെയ്തിരുന്നു.
ഇറാനാണ് ചുഴലിക്കാറ്റിന് അക്വാൻ എന്ന പേര് നല്‍കിയത്. രാവിലെ 7:30 നും 8:30നും ഇടയില്‍ മണിക്കൂറില്‍ 90 കിലോമീറ്റർ വേഗതയില്‍ ഗോപാല്‍പൂരിനടുത്ത് വടക്കൻ ആന്ധ്രാപ്രദേശിന്റെയും തെക്കൻ ഒഡീഷയുടെയും തീരങ്ങളിലൂടെ അക്വാൻ കടന്നുപോയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് മണിക്കൂർ ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
മുൻകരുതല്‍ നടപടിയായി ഒഡീഷ സർക്കാർ 9341 ക്യാമ്പുകള്‍ സ്ഥാപിച്ചു. കൂടാതെ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 41 ട്രെയിനുകള്‍ റദ്ദാക്കുകയും 29 എണ്ണം പുനഃക്രമീകരിക്കുകയും ചെയ്തു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയും 28 എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി.
അതേസമയം, അക്വാൻ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി തുടരുന്ന ചക്രവാതചുഴിയുടെയും ഫലമായി കേരളത്തില്‍ നവംബർ 19 മുതല്‍ 23 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

إرسال تعليق