നിതിൻ രാജിന്റെ മരണം; അധ്യാപികയ്ക്ക് ജാമ്യം നൽകിയതിനെതിരെ കുടുംബം മേൽക്കോടതിയിലേക്ക്

 


അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിയിൽ നിതിന്റെ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒന്നാം പ്രതി ഡോ. എംകെ റാമിനെപ്പോലെ തന്നെ സംഗീതയും കുറ്റവാളിയാണെന്നും ഇവർക്ക് ജാമ്യം ലഭിച്ചത് അംഗീകരിക്കാനാവില്ലെന്നും നിതിന്റെ പിതാവ് പറഞ്ഞു. സംഗീത നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് നൽകിയിരുന്നു. എന്നാൽ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.


റാമും സംഗീതയും ഒരുപോലെ മകനെ വേട്ടയാടിയിട്ടുണ്ട്. അതിനാൽ തന്നെ വിധി പരിശോധിച്ച ശേഷം ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മരണത്തിന്റെ 16ആം ദിനമാണ് തലശ്ശേരി കോടതി വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ഡോ. എംകെ റാമിന് ജാമ്യം നിഷേധിച്ച കോടതി, ഇയാൾ പട്ടികജാതിക്കാരനാണെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഇയാൾ കർണാടകയിൽ നിന്നുള്ള ഒബിസി വിഭാഗക്കാരനാണെന്ന് പ്രോസിക്യൂഷൻ ബോധ്യപ്പെടുത്തിയതോടെ ജാതി അധിക്ഷേപ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.

Post a Comment

أحدث أقدم