കൊല്ലം മൈനാഗപ്പള്ളിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്ഛനും ചേട്ടനും ചേര്‍ന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി 35കാരനായ സന്തോഷാണ് മരിച്ചത്. സന്തോഷ് മാനസിക രോഗിയാണ്. സംഭവത്തിന് പിന്നാലെ അച്ഛന്‍ രാമകൃഷ്ണന്‍, സഹോദരന്‍ സനല്‍ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സന്തോഷിന്റെ ആക്രമണം സഹിക്കവയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ രാമകൃഷ്ണൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസമയത്ത് രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം പിതാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു. പിന്നാലെ പിതാവും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നത്. പക്ഷേ, അച്ഛനും സഹോദരനും ഇതാരെയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തു പറഞ്ഞത്.

Post a Comment