വടകര: പൊലീസ് കസ്റ്റഡിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ ഉമേഷ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ചിരിന്നു. കോഴിക്കോട്, നാദാപുരം ഡിവൈഎസ്പിക്ക് ആയിരിക്കും പകരം ചുമതല.
ചെർപ്പുളശ്ശേരി സിഐ ആയിരുന്ന ബിനു തോമസ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയർന്നത്. 2014ല്‍ വടക്കാഞ്ചേരി സിഐ ആയിരുന്ന സമയത്ത് അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ഉമേഷ് പീഡിപ്പിച്ചു, തുടർന്ന് തന്നെയും പീഡനത്തിന് പ്രേരിപ്പിച്ചു. കൂടാതെ, നിയമനടപടികളില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയെന്നും ബിനു തോമസിന്റെ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ക്ക് പിന്നാലെ, യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കി. ഡിവൈഎസ്പി ഉമേഷ് തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും, ഒപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നും യുവതി മൊഴി നല്‍കി. യുവതിയെ ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു.
പാലക്കാട് എസ്പി നടത്തിയ അന്വേഷണത്തില്‍ ഡിവൈഎസ്പി ഉമേഷിനെതിരെയുള്ള ആരോപണങ്ങള്‍ സത്യമെന്ന് കണ്ടെത്തി. തുടർന്നാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സസ്‌പെൻഡ് ചെയ്തത്. അതേസമയം, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
എന്നാല്‍, ബിനു തോമസിന്റെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ 11 വർഷം മുൻപുള്ളതാണെന്നും, അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഉമേഷ് ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ കേസ് കേരളാ പൊലീസിനുള്ളില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയും, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിലും നിയമപരമായും ശക്തമായ നടപടികള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment