ഇടുക്കി: ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരള വിനോദസഞ്ചാര വകുപ്പ് അംഗീകരിച്ച വിനോദ ഉപാധികളില്‍ സ്‌കൈ ഡൈനിങ്ങില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്ത് സ്‌കൈ ഡൈനിങ് പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായെന്ന് വ്യക്തമായി. കേരള ടൂറിസം ഡിപ്പാർട്ട്‌മെൻറ് അംഗീകരിച്ചിരിക്കുന്നത് 33 വിനോദ ഉപാധികള്‍ മാത്രമാണ്. അതില്‍ സ്‌കൈ ഡൈനിങ് ഉള്‍പ്പെടുന്നില്ല. ആനച്ചാലില്‍ സ്‌കൈ ഡൈനിങ് തുടങ്ങുന്നതിന് ടൂറിസം ഡിപ്പാർട്ട്‌മെന്റില്‍ അപേക്ഷ സമർപ്പിച്ചിട്ടില്ല.
അപേക്ഷ സമർപ്പിച്ച് മാർഗ നിർദ്ദേശങ്ങള്‍ രൂപീകരിക്കണമെന്നതാണ് രീതി. ഇത് സംബന്ധിച്ച് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മാർഗനിർദേശങ്ങള്‍ രൂപീകരിച്ച ശേഷമേ ഇനി ആനച്ചാലിലെ സ്‌കൈ ഡൈനിങ് തുറന്ന് പ്രവർത്തിക്കുകയുള്ളൂ. ഒരു മാസം മുമ്ബാണ് സ്‌കൈ ഡൈനിങ് പ്രവർത്തനം തുടങ്ങിയത്.
സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്ഥാപന ഉടമ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജൻ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമ ചീനിക്കുഴി സ്വദേശി പ്രവീണ്‍ രണ്ടാം പ്രതിയാകും.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് സതേണ്‍ സ്‌കൈസ് എയറോ ഡയനാമിക് പ്രവർത്തിച്ചിരുന്നത് എന്നാണ് പൊലീസ് നിഗമനം. സ്ഥാപനം പൊതുജന സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
കഴിഞ്ഞദിവസം ഒന്നര മണിക്കൂറിലധികമാണ് കുട്ടികളടക്കമുള്ളവർ സ്‌കൈ ഡൈനിങില്‍ കുടങ്ങിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുകള്‍ ഉള്‍പ്പെടെ അഞ്ച് പേർ സ്‌കൈ ഡൈനിങില്‍ ഉണ്ടായിരുന്നു. നാലരമണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവില്‍ അഗ്‌നിരക്ഷാസേന എത്തിയാണ് അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയത്.

Post a Comment