തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറുമായി കൂടിക്കാഴ്ച നടത്തി കോര്‍പ്പറേഷൻ മേയര്‍ വിവി രാജേഷ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായി. ഇലക്ട്രിക് ബസുകളുടെ സര്‍വീസില്‍ നിലവിലെ സാഹചര്യം തുടരാനാണ് ചര്‍ച്ചയിൽ ധാരണയായത്. എല്ലാ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ചര്‍ച്ചയെന്ന് വിവി രാജേഷ് പറഞ്ഞു.
ഇലക്ട്രിക് ബസുകള്‍ നഗരത്തിന് പുറത്തേക്കും ജില്ല കടന്നും സര്‍വീസ് നടത്തുന്നുണ്ടെന്നും നഗരത്തിലെ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയിൽ സര്‍വീസ് നടത്തേണ്ടതുണ്ടെന്നും ലാഭവിഹിതം കോര്‍പ്പറേഷന് നൽകുന്നതിൽ വീഴ്ചയുണ്ടെന്നുമാണ് നേരത്തെ വിവി രാജേഷ് വ്യക്തമാക്കിയിരുന്നത്. പിന്നാലെ കോര്‍പ്പറേഷൻ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ബസുകൾ തിരിച്ചു നൽകുമെന്നും പകരം ബസുകള്‍ കെഎസ്ആര്‍ടിസി ഇറക്കുമെന്നും മന്ത്രി കെബി ഗണേഷ്‍കുമാര്‍ പറഞ്ഞിരുന്നു. അങ്ങനെ ബസ് സര്‍വീസ് വിവാദം തുടരുന്നതിനിടെയാണ് ഇരുവരും തമ്മിൽ നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്. നിലവിലെ പോലെ സര്‍വീസ് തുടരാൻ ധാരണയായത് മഞ്ഞുരുകലിന്‍റെ ഭാഗമാണെന്നാണ് സൂചന.

Post a Comment