കോട്ടയം: വാടകക്കെടുത്ത കാർ തിരികെ നൽകാതെ പണയത്തിന് മറിച്ച് വില്പന നടത്തിയ കേസിൽ പ്രതി പിടിയിൽ.
പത്തനംതിട്ട തിരുവല്ല സ്വദേശി ജാസൺ വിൻസന്റ് ജസ്റ്റിൻ ആണ് പിടിയിലായത്. ജാസൺ വിൻസന്റ് അറസ്‌റ്റിലായതോടെ ചുരുളഴിയുന്നത് അനധികൃതമായി റെൻറ് എ കാർ ബിസിനസ് രംഗത്തെ തട്ടിപ്പ്.
ഡിസംബർ 16ന് നീണ്ടൂർ സ്വദേശിയായ പരാതിക്കാരന്റെ ടൊയോട്ട ഇന്നോവ കാർ കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് ഉപയോഗത്തിനായി വാങ്ങിക്കൊണ്ട് പോവുകയായിരുന്നു. കാർ തിരിച്ച് നൽകാതെ വിൽക്കുകയായിരുന്നു.
ഗാന്ധിനഗർ എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അനധികൃത റെന്റ് എ കാർ ബിസിനസ് രംഗത്ത് കുപ്രസിദ്ധ ക്രിമിനലുകൾ ഉൾപ്പെടുന്ന മാഫിയ ബന്ധമാണ് ചുരുളഴിയുന്നത്.
പ്രതിയുടെ ഫോണിൽ നിന്നും അനധികൃതമായി സ്വകാര്യ വാഹങ്ങൾ റെൻറ് എ കാർ ബിസിനസ് നടത്തുന്ന സംഘങ്ങളുടെ വിവരങ്ങൾ ലഭിച്ചു.
കോട്ടയം , ചങ്ങനാശേരി , തിരുവല്ല നഗരങ്ങളിലെ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത സംഘത്തിന്റെ കൈവശമുള്ള അറുപതോളം വാഹങ്ങളുടെയും തിരുവല്ല കേന്ദ്രീകരിച്ചുള്ള മൂന്ന് കാപ്പ പ്രതികളുടെയും വിവരങ്ങൾ പോലീസിന് ലഭിച്ചു.
അറസ്റ്റിലായ പ്രതിക്കെതിരെ വാഹനങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്.വിവിധ ജില്ലകളിൽ സംഘം തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായാണ് വിവരങ്ങൾ ലഭിക്കുന്നത്.

Post a Comment