പമ്പ: ശബരിമലയില്‍ നടത്തിയ മുന്നൊരുക്കങ്ങളില്‍ വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നൊരുക്കങ്ങളെല്ലാം നടത്തി പക്ഷെ ഒന്നും പൂർത്തിയാക്കിയില്ല.
ഹൈക്കോടതി പറഞ്ഞതെല്ലാം ശരിയാണ്. മുന്നൊരുക്കങ്ങള്‍ ആറ് മാസത്തിനുള്ളില്‍ ആരംഭിക്കണമായിരുന്നു.മാത്രമല്ല നിലവില്‍ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ഇത്തരം കാര്യങ്ങളിലെ ആശങ്ക പരിഹരിക്കാൻ സാധിയ്ക്കും. പൂർണമായും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചില്ല എന്നല്ല ഉദേശിച്ചത് ഒന്നും വിചാരിച്ച രീതിയില്‍ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് പറയുന്നത് കെ ജയകുമാർ വ്യക്തമാക്കി.
ഭക്തർക്ക് ഇന്നലെയുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിക്കുകയാണ്. ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. ക്രമീകരണങ്ങളുടെ ഭാഗമായി ചിലയിടങ്ങളില്‍ വീഴ്ചപറ്റിയിട്ടുണ്ട്. അതെല്ലാം ഓരോന്നായി പരിഹരിക്കുകയാണ്.
എവിടെയൊക്കെയാണ് അടിയന്തരമായ വിള്ളലുകള്‍ ഉണ്ടായിരിക്കുന്നതെന്ന് കഴിഞ്ഞ മൂന്ന് ദിവസം ശബരിമലയില്‍ നിന്നപ്പോള്‍ മനസിലാക്കിയിരുന്നു. ഭക്തർക്ക് രണ്ട് മൂന്ന് മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നേക്കാം എന്നാല്‍ അതില്കൂടുതല്‍ കാത്തിരിപ്പ് ഇല്ലാത്ത രീതിയിലേക്ക് ക്രമീകരണങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് വെള്ളവും ബിസ്കറ്റും അടക്കമുള്ള കാര്യങ്ങള്‍ നല്‍കാനായി കൂടുതല്‍ ആളുകളെ നിയോഗിക്കുന്നുണ്ട്. ആശങ്കയില്ലാത്ത നിലയില്‍ ദർശനം നടത്താൻ എല്ലാവര്ക്കും കഴിയും. ഹൈക്കോടതിയുടെ വിലപ്പെട്ട പരാമർശങ്ങളും നിർദേശങ്ങളും നടപ്പാകും.
നിലയ്ക്കലും പമ്ബയിലും സെക്ടർ തിരിക്കും. പരമാവധിയാളുകളെ നിലയ്ക്കലില്‍ നിർത്തുന്നതോടെ സന്നിധാനത്തുള്ള ഭക്തരുടെ എണ്ണം കുറയും. ശബരിമലയിലേക്ക് കയറിപോകുന്നത് പോലെ ആളുകള്‍ ഇറങ്ങി വരുന്നില്ല. മിക്കവാറും സന്നിധാനത്ത് തന്നെ നില്‍ക്കുന്നതാണ് പതിവ്. അതുകൊണ്ടാണ് ഇത്ര തിരക്ക് അനുഭവപ്പെടുന്നത്. ഒരു മണിക്കൂറില്‍ മൂവായിരത്തില്‍ അധികം ആളുകള്‍ പതിനെട്ടാംപടി കയറുന്നില്ല കെ ജയകുമാർ പറഞ്ഞു.

Post a Comment