കൊച്ചി: ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ദളിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നടിയും അവതാരകയുമായ മീനാക്ഷി. തൊട്ടുകൂടായ്മ എന്ന പദം കുട്ടിക്കാലം തൊട്ട് അലോസരപ്പെടുത്തിയതായും മീനാക്ഷി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിയമനടപടി ആലോചിക്കുന്നതായും അവർ വ്യക്തമാക്കി.
'ദളിത് എന്ന് പറയുന്ന വിഭാഗം താഴ്ന്ന ജാതിയില്‍പ്പെട്ടവരെന്നും, അണ്‍ടെച്ചബിള്‍സ് എന്നുമൊക്കെയാണ് പറയുന്നത്. ജാതിപിരമിഡ് നോക്കിക്കഴിഞ്ഞാല്‍ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നാണ് പറയുന്നത്. പിന്നെ ദളിത്, എന്നിട്ട് ബ്രാക്കറ്റില്‍ അണ്‍ടെച്ചബിള്‍ എന്നാണിട്ടിരിക്കുന്നത്.
ചരിത്രം പഠിക്കുമ്ബോള്‍ ഇത് പഠിക്കേണ്ട ആവശ്യമുണ്ട്. കാരണം മുൻപ് നടന്ന കാര്യങ്ങളാണല്ലോ ചരിത്രമായി രേഖപ്പെടുത്തുന്നത്. പണ്ടുള്ള കാലം ഇങ്ങനെയായിരുന്നെന്ന് അടയാളപ്പെടുത്താൻ ഈ പദങ്ങളൊക്കെ ആവശ്യമാണ്. ആര് ഇവരെ ഇങ്ങനെയാക്കി? ഇപ്പോള്‍ അങ്ങനെയല്ല, അങ്ങനെ വേർതിരിവോടെ കാണുന്നത് തെറ്റാണെന്ന് കൂടി പഠിപ്പിച്ചാല്‍ അത് കറക്ടായുള്ള അറിവായിരിക്കും.
ഇങ്ങനെയായിരുന്നു എന്നാണ് ഇപ്പോള്‍ പഠിക്കുന്നത്. ഇന്ന് ഇങ്ങനെ ആണെന്ന് നമ്മള്‍ പഠിക്കുന്നില്ല. ശരിയായ പഠനം എന്നത് നമ്മുടെ അവകാശമാണ്. അതിനുവേണ്ടി കോടതിയിലൊക്കെ പോകാനുള്ള ഓപ്ഷൻസ് ഉണ്ട്. അങ്ങനെ പോകാനായി ആഗ്രഹിക്കുന്നുണ്ട്.'- മീനാക്ഷി പറഞ്ഞു.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മീനാക്ഷി. വിഷയത്തെക്കുറിച്ച് നേരത്തെ മീനാക്ഷി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അത് ചർച്ചയാകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നടിയുടെ പ്രതികരണം.

Post a Comment