വെല്ലിംഗ്ടണ്‍: ട്രാൻസ്ജെൻഡർ യുവജനങ്ങള്‍ക്കുള്ള പ്യൂബർട്ടി ബ്ലോക്കിംഗ് മരുന്നുകളുടെ പുതിയ കുറിപ്പടികള്‍ നിരോധിച്ച് ന്യൂസിലാൻഡ്. സർക്കാരിന്റെ ഈ നടപടി ട്രാൻസ്ജെൻഡറുകള്‍ക്കിടയില്‍ മാനസികാരോഗ്യത്തെ കൂടുതല്‍ വഷളാക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നല്‍കി. ചികിത്സ തേടുന്നതിലെ തിടുക്കത്തെക്കുറിച്ചും ജീവൻ രക്ഷിക്കുമെന്ന് കരുതുന്ന പ്രതിവിധികളുടെ ലഭ്യതയെക്കുറിച്ചുമുള്ള ആഗോള ചർച്ചകള്‍ക്കിടയിലാണ് ന്യൂസിലാൻഡിൻ്റെ ഈ തീരുമാനം.
ഗുണനിലവാരമുള്ള തെളിവുകളുടെ അഭാവമാണ് നിരോധനത്തിന് കാരണമെന്ന് ന്യൂസിലാൻഡിൻ്റെ ആരോഗ്യ മന്ത്രി സിമിയോണ്‍ ബ്രൗണ്‍ വ്യക്തമാക്കി. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളോ അപകടസാധ്യതകളോ തെളിയിക്കുന്നതിന് മതിയായ ഗുണനിലവാരമുള്ള തെളിവുകള്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം കണ്ടെത്തി.
'ജെൻഡർ ഡിസ്‌ഫോറിയ' (Gender Dysphoria) അല്ലെങ്കില്‍ 'ജെൻഡർ ഇൻകോണ്‍ഗ്രുവൻസ്' (Gender Incongruence) എന്നീ അവസ്ഥകള്‍ക്കായി ഗോണഡോട്രോപിൻ-റിലീസിംഗ് ഹോർമോണ്‍ അനലോഗുകള്‍ കുറിച്ച് നല്‍കുന്നതില്‍ നിന്ന് ഡോക്ടർമാരെ വിലക്കുന്നതാണ് പുതിയ നിയമം.
നിരോധനം ഡിസംബർ 19 മുതല്‍ നിലവില്‍ വരും. നിലവില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവർക്കും, നേരത്തെയുള്ള പ്രായപൂർത്തിയാകല്‍, എൻഡോമെട്രിയോസിസ്, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയ്ക്ക് ചികിത്സ തേടുന്നവർക്കും മരുന്നുകള്‍ തുടർന്നും ലഭ്യമാകും. ഈ നിരോധനം ന്യൂസിലാൻഡിലെ ട്രാൻസ്ജെൻഡർ, ജെൻഡർ വൈവിധ്യമുള്ള യുവാക്കളുടെ ജീവിതത്തിലും ക്ഷേമത്തിലും വിനാശകരമായ സ്വാധീനം ചെലുത്തുമെന്ന് പ്രൊഫഷണല്‍ അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെല്‍ത്ത് ഓട്ടിയറോവ മുന്നറിയിപ്പ് നല്‍കി.
ഇത് മാനസികാരോഗ്യ നില വഷളാകാനും ആത്മഹത്യാ പ്രവണത വർദ്ധിപ്പിക്കാനും ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. യുകെ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ 18 വയസ്സിന് താഴെയുള്ളവർക്ക് ഈ മരുന്നുകളുടെ വിതരണത്തിന് താല്‍ക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment