ന്യൂഡൽഹി: ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്‌നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു പ്രധാന മാറ്റത്തിന് നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ.
ഒരു ആക്റ്റീവ് സിം കാർഡ് ഇല്ലാതെ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയാൻ ടെലികമ്യുണിക്കേഷൻ വകുപ്പ് (DoT) ഈ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ പുതിയ ടെലികമ്യുണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങള്‍, 2025ന്റെ ഭാഗമാണ് ഈ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യുണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികള്‍ (TIUEs) എന്ന് തരംതിരിച്ചിരിക്കുന്ന ഈ ആപ്പുകള്‍ 90 ദിവസത്തിനുള്ളില്‍ സിം കാർഡുകള്‍ അവരുടെ സേവനങ്ങളുമായി തുടർച്ചയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്.
ഓരോ ആറ് മണിക്കൂറിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ആക്കി QR കോഡ് വഴി വീണ്ടും ലോഗിൻ ചെയ്യേണ്ടതുണ്ട്. ഓരോ സെഷനും ഇപ്പോള്‍ സജീവമായ ഒരു സിം കാർഡുമായി ബന്ധിപ്പിക്കേണ്ടതിനാല്‍ കുറ്റവാളികള്‍ക്ക് ആപ്പുകള്‍ വിദൂരമായി ചൂഷണം ചെയ്യുന്നത് ഇത് ബുദ്ധിമുട്ടാക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
ആശയവിനിമയ ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളെ എങ്ങനെ വെരിഫൈ ചെയ്യുന്നു എന്നതിലെ പഴുതടയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ടെലികമ്യുണിക്കേഷൻ വകുപ്പ് പറയുന്നു. നിലവില്‍ മിക്ക സേവനങ്ങളും ഒരു ഉപയോക്താവിന്റെ മൊബൈല്‍ നമ്ബർ ഇൻസ്റ്റാളേഷൻ സമയത്ത് ഒരു തവണ മാത്രമേ ബന്ധിപ്പിക്കേണ്ടതുള്ളൂ.
അതിനുശേഷം സിം നീക്കം ചെയ്യുകയോ നിർജീവമാക്കുകയോ ചെയ്താലും ആപ്പ് പ്രവർത്തിക്കുന്നത് തുടരും.
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പോലുള്ള മേഖലകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഇതിനകം നിലവിലുണ്ട്. അനധികൃത ആക്‌സസ് തടയുന്നതിന് ബാങ്കിംഗും യുപിഐ ആപ്പുകളും കർശനമായ സിം പരിശോധന നടപ്പിലാക്കുന്നു.
അതേസമയം, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ് അക്കൗണ്ടുകള്‍ സിം കാർഡുകളുമായി ബന്ധിപ്പിക്കാനും അധിക പരിരക്ഷയ്ക്കായി ഫേസ് ഐഡന്റിറ്റി ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.

Post a Comment