ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റ്‌: കേരളത്തിന് ഹാട്രിക് കിരീടം

 



തിരുവനന്തപുരം: ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്സിൽ ഹാട്രിക് കിരീടം നേടി കേരളം. 67 പോയിന്റുകളോടെയാണ് കേരളത്തിന്റെ ചുണക്കുട്ടികൾ കിരീടത്തിൽ മുത്തമിട്ടത്.

എട്ട് സ്വർണം, മൂന്ന് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ചാമ്പൻഷിപ്പിൽ കേരളത്തിൻ്റെ നേട്ടം. അവസാന മത്സരമായ ആൺകുട്ടികളുടെ 4x400 മീറ്ററിലെ സ്വർണ്ണം നേടിയതാണ് നിർണായകമായത്. തുടർച്ചയായ മൂന്നാം തവണയാണ് കേരളം ചാമ്പ്യൻഷിപ്പ് നേടുന്നത്. 64 പോയിൻ്റുകളുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. സീനിയർ വിഭാഗത്തിൽ ആദ്യമായാണ് ആൺകുട്ടികൾ കപ്പടിക്കുന്നതെന്നതും സവിശേഷതയായി.

ഇക്കുറി 71 അംഗ സംഘമാണ് കേരളത്തെ നയിച്ചത്. 39 ആൺകുട്ടികളും 32 പെൺകുട്ടികളും ഇതിലുൾപ്പെട്ടു. അഞ്ച് ദിവസത്തെ മീറ്റിൽ 40 ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

പരിശീലകരുൾപ്പെടെ 12 അംഗ ഒഫീഷ്യൽസും കുട്ടികൾക്കൊപ്പമുണ്ട്. കഴിഞ്ഞ തവണ റാഞ്ചിയിൽ ആറ് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവും നേടിയാണ് കേരളം കിരീടം നിലനിർത്തിയത്. 138 പോയിൻ്റായിരുന്നു സമ്പാദ്യം. അതിനുമുമ്പ് മഹാരാഷ്ട്രയിൽ 11 സ്വർണമടക്കം 24 മെഡലുമായാണ് കിരീടം നേടിയത്.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ മീറ്റിൽ സീനിയർ വിഭാഗത്തിൽ മികച്ച പ്രകടനങ്ങളുണ്ടായിരുന്നു. അത് ഹാട്രിക് കിരീടം ഉറപ്പിക്കാൻ അടിത്തറപാകി.

Post a Comment

Previous Post Next Post