കണ്ണൂര്‍ : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് എതിരെ പാര്‍ട്ടിതല അന്വേഷണം നടത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വെെദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ ഉയർത്തിയ ആരോപണത്തിലാണ് നടപടി. കെ എന്‍ ബാലഗോപാല്‍, ടിപി രാമകൃഷ്ണന് എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയാണ് പരാതി അന്വേഷിക്കുക.
2022ലാണ് പി ജയരാജന് സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പാര്‍ട്ടി ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിൽ 2025ല്‍ സംസ്ഥാന കമ്മിറ്റിയില്‍ വീണ്ടും ആവശ്യമുന്നയിച്ചതോടെയാണ് തീരുമാനം. തെളിവുകള്‍ സഹിതം പാര്‍ട്ടിക്ക് മുന്നില്‍ ഹാജരാക്കിയാണ് പുനഃരന്വേഷണം വേണമെന്ന നിലപാടില്‍ പി ജയരാജന് ഉറച്ചു നിന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇപി ജയരാജന്റെ ഭാഗത്ത് നിന്നും അനധികൃതമായ സ്വത്ത് സമ്പാദനമോ വഴിവിട്ട ഇടപെടലോ നടന്നെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കണമെന്നതാണ് പി ജയരാജന്റെ നിലപാട്. കണ്ണൂര്‍ മൊറാഴയിലിയുള്ള വെെദേകം റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ നിര്‍മാണവുമായും ഉടമകളുമായും ബന്ധപ്പെട്ടും ചില ആക്ഷേപങ്ങള്‍ 2022 ഡിസംബറില്‍ നടന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ജയരാജന് ഉയര്‍ത്തിയിരുന്നു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് ഇപി ജയരാജനും കുടുംബവും ഈ റിസോര്‍ട്ടിന്റെ ഭാഗമായതെന്നാണ് പി ജയരാജന് ഉയര്‍ത്തിയ ആരോപണം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിര, മകന് ജയ്സണ്‍ എന്നിവര്‍ റിസോര്‍ട്ടിന്റെ ഡയറക്ടര്‍മാരാണ് എന്ന ആരോപണവും ഉന്നയിച്ചിരുന്നു. 2023ന് ശേഷം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ജയരാജന്റെ ആരോപണങ്ങളെ ഇ പി ജയരാജന് തള്ളിക്കളഞ്ഞിരുന്നു. തനിക്ക് റിസോര്‍ട്ടുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു ഇപിയുടെ പ്രതികരണം.
ഭാര്യ ഇന്ദിരയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട് ലഭിച്ച പണം നിക്ഷേപിച്ച് ഇന്ദിരയും മകനും റിസോർട്ടിന്റെ ഭാഗമായെന്നും പിന്നീട് വിവാദമുയര്‍ന്നതോടെ പിന്മാറിയെന്ന വിശദീകരണവും ഇപി നൽകിയിരുന്നു. പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഈ റിസോര്‍ട്ട് ഏറ്റെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണമോ നടപടികളോ ഉണ്ടായില്ല. ഇതോടെയാണ് കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന കമ്മിറ്റിയില്‍ ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം പി ജയരാജന് വീണ്ടും ഉയര്‍ത്തിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടിതല അന്വേഷണം നടത്താന്‍ തീരുമാനമായത്.

إرسال تعليق