നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

 


തിരുവനന്തപുരം : മൊട്ടമൂട്- ഇടമല റോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസ പ്രകടനം. നരുവാമൂട് സ്വദേശിയായ അനീഷാണ് മദ്യലഹരിയില്‍ നായയുമായി റോഡിലിറങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. 


സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തി. തിരക്കുള്ള റോഡില്‍ കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് വളര്‍ത്തുനായയുമായി യുവാവെത്തിയത്. വഴിയിലൂടെ നടന്നുപോകുന്ന ആളുകളെ ഇയാള്‍ ബുദ്ധിമട്ടിച്ചതായാണ് പരാതി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് നരുവാമൂട് പൊലീസ് എത്തിയത്.


നായയേയും കൊണ്ട് വീട്ടില്‍ പോകാന്‍ യുവാവിനോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിനോട് തന്റെ തൊപ്പി ഞാന്‍ തെറുപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ശേഷം പൊലീസും യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസുകാരിലൊരാള്‍ നായയെ പിടിച്ചുമാറ്റാന്‍ വേണ്ടി വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ഇയാള്‍ നായയെ അഴിച്ചുവിട്ടെന്നും കടിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. തിരിഞ്ഞോടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വീണ് അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ചെയ്തു.

Post a Comment

أحدث أقدم