കോട്ടയം കുമാരനല്ലൂരില്‍ സബ്‌വേ; ടെൻഡര്‍ പൂര്‍ത്തിയാകുന്നതോടെ നിര്‍മാണം, പദ്ധതിച്ചെലവ് 2.75 കോടി



കോട്ടയം: ഏറെ തിരക്കുള്ള കോട്ടയം കുമാരനല്ലൂർ റെയില്‍വേ സ്റ്റേഷനില്‍ സബ്‌വേ (ഭൂഗർഭ പാത/ അടിപ്പാത) നിർമിക്കാൻ റെയില്‍വേ മന്ത്രാലയത്തിൻ്റെ അനുമതി.

കോട്ടയം നഗരത്തിലേക്കുള്ള പ്രധാന പാതയായതിനാല്‍ തന്നെ ജനത്തിരക്കും പ്രദേശവാസികളുടെ എണ്ണവും കണക്കിലെടുത്ത് ഭൂഗർഭ പാത വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെ ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തുകയും റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോള്‍ ഫലം കണ്ടത്.


കുമാരനല്ലൂർ റയില്‍വേ സ്റ്റേഷനില്‍ അടിപ്പാത നിർമാണത്തില്‍ ടെൻഡർ നടപടികള്‍ പൂർത്തിയാകുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്ന് കെ ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. അടിപ്പാത നിർമാണത്തിനായി രണ്ട് കോടി 75 ലക്ഷം രൂപയാണ് റെയില്‍വേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികള്‍ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് എംപി അറിയിച്ചു.


നേരത്തെ റയില്‍വേ ഗേറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പുതിയതായി അടിപ്പാത നിർമിക്കുന്നത്. രണ്ടര മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിക്കുക. അടിപ്പാതയിലേക്ക് മഴവെള്ളം ഒഴുകി എത്താതിരിക്കാനുള്ള സംവിധാനമൊരുക്കും. ഏതെങ്കിലും തരത്തില്‍ അടിപ്പാതയില്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ ചെയ്ത് കളയുന്നതിനുള്ള പമ്പും ഓടയും ഇതിനോട് അനുബന്ധിച്ച്‌ സ്ഥാപിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.


ഒരു കോടി എഴുപത്തിഅഞ്ച് ലക്ഷം രൂപ മുടക്കി പുതുതായി നിർമിക്കുന്ന പുതിയ പ്ലാറ്റ് ഫോമിന്റെ നിർമാണം പൂർത്തിയാകുന്ന മുറക്ക് ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുകൊണ്ട് കാല്‍ നടമേല്‍പ്പാലം നിർമിക്കണമെന്ന് റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും അനുമതി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടന്നും എംപി അറിയിച്ചു. കോട്ടയം കുമാരനല്ലൂർ മേല്‍പ്പാലം നിർമിച്ച സമയം മുതല്‍ അടിപ്പാത നിർമാണം പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു.


മേല്‍പ്പാലത്തിലേക്ക് കയറാനുള്ള നടപ്പാതകളുടെ നിർമാണം സ്ത്രീകളെയും കുട്ടികളെയും പ്രായമുള്ളവരെയും ദുരിതത്തിലാക്കിയിരുന്നു. നടപ്പാത കയറുന്നതിലെ പ്രയാസമാണ് തിരിച്ചടിയായത്. ഇതോടെ റയില്‍വേ പാളം മുറിച്ച്‌ കടന്നാണ് ആളുകള്‍ യാത്ര ചെയ്തിരുന്നത്. ഈ സാഹചര്യം അപകടങ്ങള്‍ക്ക് വഴിവച്ചിരുന്നു. ട്രെയിൻ തട്ടി നിരവധിയാളുകള്‍ക്ക് ജീവൻ നഷ്ടമാകുകയും ചെയ്തുവെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.


വളവ് തിരിഞ്ഞ് പെട്ടന്ന് ട്രയിൻ വരുന്നത് അറിയാതെ പാളം മുറിച്ച്‌ കിടക്കുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. സ്കൂള്‍ വിദ്യാർഥികളും അമ്പലത്തിലേക്കുളള ഭക്തജനങ്ങളും അടക്കം നൂറ് കണക്കിന് ആളുകള്‍ക്ക് ഭയപ്പെടാതെ സഞ്ചരിക്കാൻ അടിപ്പാത സഹായകരമാകുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കുമാരനല്ലൂർ റയില്‍വേ സ്റ്റേഷനില്‍ നടത്തിയ ജനസദസ്സില്‍ ഉയർന്ന ഏറ്റവും ശക്തമായ ആവശ്യമായിരുന്നു അടിപ്പാത നിർമിക്കണമെന്നുള്ളത്. ഇതിന് വേണ്ടി ദീർഘനാളായി പരിശ്രമം നടത്തുകയായിരുന്നുവെന്ന് എംപി പറഞ്ഞു.

Post a Comment

أحدث أقدم