കണ്ണൂർ: വധശ്രമക്കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ ഉല്ലാസയാത്ര നടത്തിയെന്ന ആരോപണത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്.
തളിപ്പറമ്പ് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസ് അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹിയുമായ ജയേഷിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.
ശ്രീകണ്ഠപുരം നഗരസഭാ കൗണ്‍സിലറെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കൊപ്പം ജയേഷ് നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഈ കേസിലെ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാതിരുന്നത് ജയേഷിന്റെ ഇടപെടല്‍ മൂലമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനൻ ആവശ്യപ്പെട്ടു.
അതേസമയം, കാപ്പാ കേസ് പ്രതികളുമായി ബന്ധം പുലർത്തിയതിന് പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥൻ നിഷാന്ത് ചന്ദ്രനെ കഴിഞ്ഞ ദിവസം സർവീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. തിരുവല്ല സ്റ്റേഷനില്‍ ജോലി ചെയ്യവേ ഇയാള്‍ ഗുണ്ടകളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് കണ്ണൂരിലും പൊലീസ് ഉദ്യോഗസ്ഥനെതിരെ സമാനമായ ആരോപണം ഉയർന്നിരിക്കുന്നത്.

إرسال تعليق