കോട്ടയം: ശബരിമല തീർത്ഥാടന കാലം അടുത്തിരിക്കെ എരുമേലി മേഖലയില്‍ പോലീസിന്റെയും ലഹരിവിരുദ്ധ സ്ക്വാഡുകളുടെയും ശക്തമായ പരിശോധന തുടരുന്നു.
എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിങ്കല്ലുമ്മൂഴി ഭാഗത്തുനിന്നും 150 ഗ്രാം കഞ്ചാവുമായി നാല് യുവാക്കളെ ഡാൻസാഫ് സംഘവും തൂഫാൻ സ്ക്വാഡും ചേർന്ന് പിടികൂടി.
എരുമേലി സ്വദേശികളായ അരോമല്‍ സജി ഉണ്ണി (26), സാജൻ ജോണ്‍സണ്‍ (28), നിയാസ് നിസാർ (28), നാട്ടകം സ്വദേശി നന്ദു സുരേഷ് കണ്ണൻ (26) എന്നിവരാണ് പിടിയിലായത്
ഇവരില്‍ രണ്ടുപേർ കരിങ്കല്ലുമ്മൂഴി സ്വദേശികളാണ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
എരുമേലിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി യുവാക്കള്‍ കഞ്ചാവിനും മറ്റ് മാരക ലഹരിമരുന്നുകള്‍ക്കും അടിമകളായി മാറുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയില്‍ നിന്ന് നിരവധി പേരാണ് ലഹരിമരുന്നുകളുമായി പോലീസിന്റെ പിടിയിലാകുന്നത്.
കഴിഞ്ഞ ദിവസം പാഴ്സലായി എത്തിയ 300 ലഹരി ആംപ്യൂളുകള്‍ പോലീസ് പിടികൂടിയിരുന്നു.
ഇത് ആർക്കുവേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

إرسال تعليق