പുഴുവരിച്ച മുട്ടകള്‍ നശിപ്പിക്കാൻ മടി; കോഴിക്കോട് മാവൂരിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്



കോഴിക്കോട്: മാവൂരില്‍ പഴകിയതും പുഴുവരിച്ചതുമായ കോഴിമുട്ടകള്‍ കണ്ടെടുത്ത കടകളില്‍ ഗുരുതര നിയമലംഘനങ്ങള്‍.

ഇവിടെ നടത്തിയ തുടർപരിശോധനയില്‍ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തില്‍ ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.നേരത്തെ പിടിച്ചെടുത്ത മുട്ടകള്‍ സ്വന്തം ചെലവില്‍ എത്രയും വേഗം നശിപ്പിക്കാനും കടയുടമകള്‍ക്ക് നിർദേശം നല്‍കി. മാവൂർ കൂളിമാട് റോഡിലെ പുനത്തില്‍ എഗ് ട്രേഡേഴ്സ്, പി.യു. എഗ് ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പതിനേഴായിരത്തോളം പഴകിയ മുട്ടകള്‍ കണ്ടെത്തിയത്.ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന മുട്ടകളായിരുന്നു ഇവ. എന്നാല്‍ പരിശോധന കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും കടകളിലെ ബാക്കിയുള്ള പഴകിയ മുട്ടകള്‍ നശിപ്പിക്കാൻ ഉടമകള്‍ തയ്യാറായില്ല.കടകളിലെ ജീവനക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട് ഉടമകള്‍ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നല്‍കിയത്.


ജീവനക്കാർക്ക് മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളില്ലെന്നും കണ്ടെത്തി. കൂടാതെ, സ്ഥാപനങ്ങളിലേക്ക് മുട്ട വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ കൈമാറാനും ഉടമകള്‍ തയ്യാറായില്ല.ഇതേത്തുടർന്ന് രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. തുടർപരിശോധനയില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് കൈമാറാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.കേടായ മുട്ടകള്‍ സ്വന്തം ചെലവില്‍ ഉടൻ നശിപ്പിക്കാനും സ്ഥാപന ഉടമകളോട് നിർദേശിച്ചിട്ടുണ്ട്. നേരിട്ട് ഓഫീസില്‍ ഹാജരാകാനും നോട്ടീസ് നല്‍കി.


ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ. എ.പി. അനു, സി.എ. വിമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Post a Comment

أحدث أقدم