കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നൂറോളം പുതുമുഖങ്ങൾ ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
വമ്പൻ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബറിൽ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ജോജു ജോർജിൻ്റെ സംവിധാന അരങ്ങേറ്റമായ ‘പണി’യുടെ അതേ ഴോണറിലുള്ള സിനിമയായാണ് "പരിപാടി" ഒരുക്കുന്നത്. എന്നാൽ കൂടുതൽ വിപുലമായ കാൻവാസും വലിയ താരനിരയും സാങ്കേതിക മികവും ചിത്രത്തിന്റെ പ്രത്യേകതകളാണ്.
തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘പരിപാടി’യുടെ പ്രധാന ലൊക്കേഷൻ ചാലക്കുടിയാണ്. ചിത്രത്തിലെ നൂറോളം പുതുമുഖങ്ങളും നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലന പരിപാടിക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. എല്ലാവർക്കും സംഭാഷണങ്ങളുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഇത്രയും വലിയൊരു സിനിമ ഒരുക്കുന്നതിലൂടെ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
2024ൽ പുറത്തിറങ്ങിയ ‘പണി’യിലൂടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധ നേടിയ ജോജു ജോർജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘പരിപാടി’. ‘പണി’ തിയേറ്ററുകളിൽ മികച്ച പ്രതികരണവും ബോക്സ് ഓഫീസ് വിജയവും നേടിയതിന് പിന്നാലെ ജോജു ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ‘പരിപാടി’ പ്രേക്ഷകർക്കിടയിൽ പ്രതീക്ഷയുണർത്തുന്നുണ്ട്.

إرسال تعليق