ഇപി ജയരാജനെതിരായ ആരോപണം; ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണവുമായി ശ്യാംജിത്ത്


 കണ്ണൂർ : വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി അനന്തരവൻ ശ്യാംജിത്ത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിശദികരണം. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.


താൻ നിലവിൽ ശബരിമലയിലാണ് ഉള്ളത്. വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ തന്നെ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയാനുള്ളത്, എൻ്റെ ഫേസ്ബുക്ക് പേജിൽ വന്നിട്ടുള്ള പ്രസ്തു‌ത പോസ്റ്റ് ഞാൻ മനഃപൂർവം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌ത്‌ ദുരുപയോഗം ചെയ്‌തതാണെന്നാണ് ഞാൻ സംശയിക്കുന്നത്. പ്രസ്‌തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു എന്നാണ് ശ്യാംജിത്ത് വ്യക്തമാക്കുന്നത്.


സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങി വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്നായിരുന്നു ഫേസ്ബുക്കിൽ ശ്യാംജിത്തിന്റെ ആരോപണം. എന്നാൽ ആരോപണം പൂർണമായും തള്ളിയും അനന്തരവനും ഭാര്യയ്ക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചും ഇപി ജയരാജൻ രംഗത്ത് വന്നു. 


വിഷയം ചർച്ചയായതോടെ ഫേസ്ബുക്ക് പോസ്റ്റ് ശ്യാംജിത് പിൻവലിച്ചു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്നാണ് വിശദീകരണം. ഇതിനിടെ വൈദേകം റിസോർട്ടിൽ അക്കൗണ്ടന്റായ ശ്യാംജിത്തിന്റെ ഭാര്യ ദീപയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജനറൽ മാനേജരുടെ പരാതിയിലാണ് കേസ്.

Post a Comment

أحدث أقدم