നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിനെതിരെ ചുമത്തിയത് കുറ്റകരമായ നരഹത്യയെന്ന് റിമാൻഡ് റിപ്പോര്‍ട്ട്

 


കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങൾ പുറത്ത്. പ്രതി സുഹൈലിനെതിരെ ചുമത്തിയത് കുറ്റകരമായ നരഹത്യ കുറ്റമാണെന്ന് വ്യക്തമാകുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അലക്ഷ്യമായി വാഹനമോടിച്ചതിന്റെ വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടത് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക്  വിടാനാണ്. ബോര്‍സ്റ്റല്‍ സ്‌കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സുഹൃത്തിന്റെ മൊഴി പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കി. 


സുഹൈലും സുഹൃത്തുക്കളും കൊച്ചിയിലെ വിവിധ ബാറുകളില്‍ കയറി മദ്യപിച്ചിരുന്നതായി റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ശേഷിയും സ്വാധീനവും ഉള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യത ഉണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോ എന്നതിലടക്കം അന്വേഷണം നടത്തണം. പ്രതി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്.

Post a Comment

أحدث أقدم