അമ്പലപ്പുഴയിൽ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസിന്റെ പിടിയിലായി. കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധു ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ ബിവറേജസിൽ വെച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചു. തുടർന്ന് പിന്നാലെയെത്തിയ പ്രതികൾ ബിജുവിനെയും ശരത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ വണ്ടാനത്ത് വെച്ച് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അജിൻ എസ്, അമൽ, പ്രൊബേഷൻ എസ്ഐ ഹക്കിം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനിൽ എംകെ, ജസീർ, സിവിൽ പൊലീസ് ഓഫീസർമാരായ വിജിത്ത്, അരുൺകുമാർ, ജെയിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment