ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ ഡിസിസി അംഗമാക്കി



ഇടുക്കി: ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ ഡിസിസി അംഗമാക്കി ഇടുക്കി ഡിസിസി. ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖില്‍ പൈലിയെ നാമനിർദേശം ചെയ്തത്.

നാമനിർദേശം ചെയ്ത കത്തടക്കം പുറത്തുവന്നു. നിഖില്‍ പൈലി ഉള്‍പ്പെടെ അഞ്ച് പേരെയാണ് DCC അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്.


തനിക്ക് ഇടുക്കി ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവർത്തിക്കാൻ കോണ്‍ഗ്രസ് പാർട്ടി അവസരം നല്‍കി, KPCC പ്രസിഡന്റെ സണ്ണി ജോസഫ്, കെ സുധാകരൻ എംപി, DCC പ്രസിഡന്റ് സിപി മാത്യു എന്നിവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ട് നിഖില്‍ പൈലി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.


2022 ലാണ് പൈനാന് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായിരുന്ന ധീരജ് കൊല ചെയ്യപ്പെടുന്നത്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് നിഖില്‍ പൈലി. എന്നാല്‍, പ്രതിയാണെങ്കിലും നിഖില്‍ പൈലി നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ തുടർച്ചയായാണ് ഡിസിസി അംഗമായി നാമനിർദേശം ചെയ്തിരിക്കുന്നത്. ധീരജ് കൊല ചെയ്യപ്പെടുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖില്‍ പൈലി. എന്നാല്‍ ഡിസിസി അംഗം പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് കൊലക്കേസ് പ്രതി എത്തുന്നതില്‍ പാർട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസമുള്ളവരുണ്ട്.

Post a Comment

Previous Post Next Post