സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. യുവനടിയുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് റിമാൻഡിലായതിന് പിന്നാലെയാണ് നടപടിക്കൊരുങ്ങുന്നത്. ഡയറക്ട്ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതുസംബന്ധിച്ച് ഇരു യൂണിയനുകളിലെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ലൈംഗികാതിക്രമമുണ്ടായതായി യുവനടി ഫെഫ്കയ്ക്ക് പരാതി നൽകിയിട്ടില്ല. സിനിമയിൽ ഐസിസി ഉണ്ട്. എന്നാൽ ഐസിസിക്കും നടി പരാതി നൽകിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കാരവാനിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ടെന്നാണ് യുവനടിയുടെ പരാതി.
സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ് ആണ്. നേരത്തെ സമാനമായ രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ൽ വെളിപ്പെടുത്തിയിരുന്നു. 2009-ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. 2012ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവും പരാതി നൽകിയിരുന്നു.

Post a Comment