ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ്. എന്തിന് ഇറാനെ ആക്രമിച്ചു? ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റിന് എന്താണ് രാജ്യത്തോട് പറയാനുള്ളതെന്ന് ഉടൻ അറിയാമെന്നാണ് സൂചന. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റാണ് എക്സ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. ഇറാനുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു വിവരം പങ്കുവയ്ക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്.
ഇറാനെതിരായ ആക്രമണം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ട്രംപ് ജനങ്ങളോട് സംസാരിക്കുന്നത്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ആഭ്യന്തരമായ എതിർപ്പുകൾ ഉയരുന്നെന്ന പുതിയ പോൾ ഡാറ്റ വന്ന പശ്ചാത്തലത്തിൽ ട്രംപ് എന്തുപറയുമെന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ. സംഘർഷം അവസാനിപ്പിക്കുമെന്ന സൂചന കുറച്ച് മണിക്കൂറുകൾക്ക് മുൻപ് ട്രംപ് നൽകിയിരുന്നു. അതേസമയം ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് സമ്പുഷ്‌ടീകരിച്ച യുറേനിയം പിടിച്ചെടുക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. സൈനികരെ മേഖലയിലേക്ക് വിന്യസിച്ചത് ഈ ലക്ഷ്യം മുന്നിൽ കണ്ടാണെന്നാണ് സൂചന.

Post a Comment