മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്; സിപിഎം നേതാക്കളെ ന്യായീകരിച്ച്‌ പാർട്ടി ജനറല്‍ സെക്രട്ടി എംഎ ബേബി



തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചടങ്ങില്‍ പങ്കെടുത്ത സിപിഎം നേതാക്കളെ ന്യായീകരിച്ച്‌ പാർട്ടി ജനറല്‍ സെക്രട്ടി എംഎ ബേബി.

നേതാക്കള്‍ക്ക് സ്വയംവിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ലെന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനാേട് പറഞ്ഞത്. അഭയം പ്രാപിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് ഇരുവരും കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിണറായിയുടെ മുഖം മാത്രം ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.


'മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. അപ്പോള്‍ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ല. എന്നാല്‍ ഇങ്ങനെയും സാങ്കേതികത്വം ഉണ്ടെന്ന് പരിശോധിക്കാൻ ഭാവിയില്‍ ഇതു സഹായിക്കും. പിണറായിയുടെ മുഖം മാത്രം എന്ന വിമർശനത്തില്‍ കാര്യമില്ല. സ്ഥാനാർഥികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ മുഖം കുറവാണ്. എല്‍ഡിഎഫ് സർക്കാരിന്റെ നേട്ടങ്ങള്‍ പറയുമ്പോള്‍ നയിച്ചയാളെക്കുറിച്ച്‌ പറയുന്നത് സ്വാഭാവികമാണ്. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല.സതീശന് മുഖം കാണിക്കാനുള്ള തള്ളലാണ്. സതീശനും സുധാകരനും തമ്മില്‍ പറഞ്ഞത് കേട്ടതാണല്ലോ. പ്രതിപക്ഷത്ത് മുഖങ്ങളുടെ മത്സരമാണ്. മറ്റ് മുഖം വേണ്ടെന്നാണ് ഓരോരുത്തരും പറയുന്നത്. ഇടതുപക്ഷത്ത് കൂട്ടായ്മയാണുള്ളത്'- എം എ ബേബി പറഞ്ഞു.


ഇന്നലെയാണ് കുംഭമേള വൈറല്‍ ഗേളിന് വിവാഹസമയത്ത് പ്രായപൂർത്തിയായിട്ടില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടർന്ന് മദ്ധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനില്‍ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്‌സോ കേസെടുക്കുകയും ചെയ്തു. ദേശീയ പട്ടികവർഗ കമ്മിഷന്റെ മേല്‍നോട്ടത്തിലാണ് പൊലീസ് കേസന്വേഷിക്കുന്നത്. പെണ്‍കുട്ടി പർദ്ധി ഗോത്ര വിഭാഗത്തിലെ അംഗമായതിനാല്‍ എസ്.സി/എസ്.ടി നിയമത്തിലെ വകുപ്പുകള്‍ അടക്കം ചുമത്തിയിട്ടുണ്ട്. പിതാവ് ജയ് സിംഗ് ഭോസ്‌ലെ മദ്ധ്യപ്രദേശ് സർക്കാരിനും ദേശീയ പട്ടികവർഗ കമ്മിഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ എ റഹിം എം പി എന്നിവരുടെ അനുഗ്രഹത്തോടെ തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തില്‍ നടന്ന വിവാഹം സാമൂഹിക മാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു.മഹേശ്വറിലെ ആശുപത്രി രേഖകള്‍ പ്രകാരം ജനന തീയതി 2009 ഡിസംബർ 30 ആണ്. വിവാഹം നടന്ന 2026 മാർച്ച്‌ 11ന് 16 വർഷം 2 മാസം 11 ദിവസവും ആയിരുന്നു പ്രായം. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ വിവാഹം നടത്തിയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും കമ്മിഷനും.

Post a Comment

أحدث أقدم