ലവ് ജിഹാദ് ആരോപണം; കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ വി.എച്ച്‌.പി നേതാവിനെതിരെ കേസ്



കൊച്ചി: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിയുടെ പരാതിയില്‍ വിഎച്ച്‌പി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വിഎച്ച്‌പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഉള്‍പ്പെടെ അഞ്ചുപേർക്കെതിരെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തത്. ലവ് ജിഹാദ് നടത്തി തട്ടിക്കൊണ്ടുപോയെന്ന് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.


നേരത്തെ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി തിരുവനന്തപുരം അതിവേഗ പോക്സോ കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടി. മേയ് 20നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹേശ്വര്‍ സ്റ്റേഷന്‍ എസ്‌എച്ച്‌ഒക്ക് നിര്‍ദേശം നല്‍കി.


വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹരജിയിലാണ് നടപടി. അഭിഭാഷകനായ പി. നാഗരാജാണ് ഹരജി നല്‍കിയത്. എം.വി ഗോവിന്ദനെ കൂടാതെ വി. ശിവന്‍കുട്ടി, എ.എ റഹീം തുടങ്ങി ആറ് പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.


മാര്‍ച്ച്‌ 11നായിരുന്നു പെണ്‍കുട്ടിയും സുഹൃത്തായ ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരായത്. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കുടുംബം വിവാഹത്തിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും കേരളത്തിലെത്തിയത്.


മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായും അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

Post a Comment

أحدث أقدم