വീട്ടിലെ പ്രസവത്തിൽ നവജാത ശിശു മരിച്ച സംഭവം; ആശ വർക്കർക്കും ആരോഗ്യ പ്രവർത്തകർക്കും ഗുരുതര വീഴ്ച്ച സംഭവിച്ചു; അധികൃതരുടെ വീഴ്ചകൾ മറയ്ക്കുവാൻ ശ്രമമെന്ന് പരാതി നൽകി ഡോ. കെ. പ്രതിഭ



കോട്ടയം: കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച സ്ത്രീയുടെ നവജാത ശിശു മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ മറയ്ക്കുവാൻ ശ്രമം നടക്കുന്നതായി വീട്ടിലെ പ്രസവങ്ങൾ ഒഴിവാക്കുന്നതിന് സർക്കാർ മാർഗ്ഗരേഖ ആവിശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ആരോഗ്യവകുപ്പിലെ ഡോ. കെ. പ്രതിഭ വ്യക്തമാക്കി.


കടുത്തുരുത്തിയിൽ വെള്ളാശ്ശേരി തത്തപ്പള്ളി ആലുമേൽ വീട്ടിൽ അനീഷിന്റെ ഭാര്യ കാർത്തികയാണ് (36) കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ പ്രസവിച്ചത്. കുഞ്ഞ് പുറത്തു വന്നയുടൻ മരണപ്പെടുകയും അമ്മയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.


കാർത്തിക ഗർഭിണിയാണെന്നും ആശാ പ്രവർത്തകരോട് സഹകരിക്കാത്ത സാഹചര്യം പല ഘട്ടങ്ങളിൽ ഉണ്ടായിട്ടും പ്രസ്തുത വിവരം റിപ്പോർട്ട് ചെയ്യിപ്പിച്ച് ആരോഗ്യ വകുപ്പിനെ കൊണ്ട് തുടർ നീക്കങ്ങൾ സ്വീകരിപ്പിക്കുന്നതിന് ആശാ പ്രവർത്തകർക്കും പരിധിയിൽ വരുന്ന ആരോഗ്യ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ഗുരുതര വീഴ്ച സംഭവിച്ചത് മറച്ച് വയ്ക്കുവാൻ ശ്രമം നടക്കുകയാണെന്ന് ഇത് സംബന്ധിച്ച് ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.


ഗർഭസ്ഥ കാലത്ത് ആരോഗ്യ സ്ഥാപനങ്ങളോട് സഹകരിക്കാത്തതും പ്രസവത്തിനായി ആരോഗ്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിന് ശ്രമം നടത്തുന്നവരെയും കണ്ടെത്തി ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്ത് തുടർ നടപടികൾ സ്വീകരിപ്പിക്കുന്നതിലെ വീഴ്ചകളും വീട്ടിലെ പ്രസവങ്ങളിൽ അപായം സംഭവിച്ചാൽ മനഃപൂർവമുള്ള നരഹത്യ വകുപ്പ് ചേർക്കുവാൻ കേസിൽ മടി കാണിക്കുന്നതും വീട്ട് പ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിലെ സർക്കാർ നീക്കങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു.


വീട്ടിലെ പ്രസവം അമ്മയ്ക്കും കുഞ്ഞിനും അപകടമെന്നതിനാൽ പ്രസവം ആരോഗ്യ സ്ഥാപനങ്ങളിൽ ഉറപ്പാക്കാൻ ഡോ. കെ. പ്രതിഭ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വീട്ട് പ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞ വർഷം തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വീട്ട് പ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ സർക്കാർ മാർഗ്ഗരേഖ ആവിശ്യപ്പെട്ട് ഡോ. കെ. പ്രതിഭ ഹൈക്കോടതി മുഖേന നിയമ പോരാട്ടം നിലവിൽ തുടരുകയുമാണ്.


2026 ജനുവരിയിൽ മാത്രം സംസ്ഥാനത്ത് 14 വീട്ട് പ്രസവങ്ങൾ നടന്നതായും അതിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചതായും ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് ചാവക്കാട് കല്ലംവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന 37 വയസ്സ് കഴിഞ്ഞ മാസം 19-ന് മരണപ്പെട്ടിരുന്നു.

തിരുവനന്തപുരം പൂഴനാട് പ്ലാവിള സ്വദേശി അൽത്താഫിന്റെ ഭാര്യ 21 വയസ്സുള്ള ഷംന പ്രസവിച്ച നവജാത ശിശു ഈ മാസം അഞ്ചാം തീയതി മരണപ്പെട്ടിരുന്നു.

Post a Comment

أحدث أقدم