ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ യു ഡി എഫും മുസ്ലിം ലീഗും നടപടി സ്വീകരിച്ചു. വിവാദത്തെ തുടർന്ന് ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യു ഡി എഫ് നീക്കി.
ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൂടാതെ, കായംകുളം യു ഡി എഫ് ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ നിയമിച്ചതായും നേതൃത്വം വ്യക്തമാക്കി.
ഇതിനിടെ, സംഭവത്തെ അപലപിച്ച് യു ഡി എഫ് സ്ഥാനാർത്ഥി എം. ലിജു രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ വ്യക്തിപരമായ വിമർശനങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഇർഷാദ് നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാമർശത്തെ ശക്തമായി തള്ളിക്കളയുന്നതായും ഖേദം രേഖപ്പെടുത്തുന്നതായും ലിജു കൂട്ടിച്ചേർത്തു.

إرسال تعليق