ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിതിൻ നബിനെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മാലയിട്ട് അഭിവാദ്യമർപ്പിച്ചു. ജെപി നദ്ദ, രാജ് നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ അഭിനന്ദിച്ചു. ജെപി നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്. അമിത് ഷാ, ജെപി നദ്ദ എന്നിവരുടെ വിശ്വസ്തനായാണ് നിതിൻ നബിൻ അറിയപ്പെടുന്നത്. ബിജെപിയിൽ തലമുറ മാറ്റം ലക്ഷ്യം വെച്ചാണ് 45കാരനായ നിതിൻ നബിനെ കഴിഞ്ഞ ഡിസംബറിൽ ദേശീയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയും ബിഹാർ സംസ്ഥാന അധ്യക്ഷനുമായി പ്രവർത്തിച്ച നിതിൻ ഛത്തീസ്ഗഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും വഹിച്ചിട്ടുണ്ട്.
ബിജെപി നേതാവും മുൻ എംഎൽഎയുമായിരുന്ന അന്തരിച്ച നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനായ നിതിൻ, 2006ൽ പിതാവിന്റെ മരണത്തെത്തുടർന്നാണ് രാഷ്ട്രീയത്തിൽ സജീവമായത്. പട്ന വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചായിരുന്നു അരങ്ങേറ്റം. ബിഹാറിലെ ബങ്കിപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ എംഎൽഎയായ നിതിൻ ബിഹാർ നീതീഷ് കുമാർ സർക്കാരിൽ പൊതുഗതാഗതം, നഗരവികസനം, നിയമം തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment