റെയിൽവേയിൽ ടിക്കറ്റ് കാൻസലേഷനിൽ മാറ്റം; എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ റീഫണ്ടില്ല



ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കാണ് പുതിയ നിയമം ബാധകമാകുന്നത്.


ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ ബാക്കിനിൽക്കെ ടിക്കറ്റ് റദ്ദാക്കിയാൽ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ലെന്ന് റെയിൽവേ ഉത്തരവിറക്കി. പുതുക്കിയ നിയമമനുസരിച്ച്, യാത്രയ്ക്ക് 72 മണിക്കൂർ മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കാൻസലേഷൻ ചാർജായി ഈടാക്കും.


നേരത്തെ, യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ 25 ശതമാനം മാത്രം ചാർജ് ഈടാക്കി ബാക്കി തുക റീഫണ്ട് നൽകുന്നതായിരുന്നു രീതി. ഇതാണ് ഇപ്പോൾ പകുതിയായി വെട്ടിക്കുറച്ചിരിക്കുന്നത്.


വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി സൗകര്യം ഉണ്ടായിരിക്കില്ലെന്നും മിനിമം ചാർ ഈടാക്കുന്ന ദൂരം 400 കിലോമീറ്ററായിരിക്കുമെന്നും റെയിൽവേ നേരത്തെ വ്യക്തമാക്കിയിരുന്നു.


രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തത്‌. ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള സ്ലീപ്പർ ട്രെയിനുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് റെയിൽവേയുടെ നീക്കം.

Post a Comment

Previous Post Next Post