മലപ്പുറം: മലപ്പുറത്ത് നിർമാണ തൊഴിലാളിക്കുനേരെ തെരുവുനായ ആക്രമണം.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേൽക്കുന്നത്. മദ്രസ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിക്കുനേരെ തെരുവുനായ പാഞ്ഞടുത്തത്. സുരേഷ് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയെ തെരുവുനായ ആക്രമിക്കാനൊരുങ്ങുന്നത് കണ്ട സുരേഷ് റോഡ് മുറിച്ചുകടന്ന് രക്ഷിക്കാനൊരുങ്ങി. എന്നാൽ നായ ഓടിയെത്തിയ സുരേഷിനെ ആക്രമിക്കുകയായിരുന്നു.
ആനൊഴുക്കുപാലത്തെ നിർമാണതൊഴിലാളിയാണ് സുരേഷ്. ആദ്യം ഇയാളുടെ കൈയിൽ കടിക്കുകയായിരുന്നു. പിന്നാലെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഓടയിൽ വീഴുകയും ചെയ്തു. ഓടയിൽ വീണതിന് പിന്നാലെ സുരേഷിനെ തെരുവുനായ കടിച്ച് കീറുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സമീപത്തുള്ളവർ സ്ഥലത്തെത്തി തെരുവുനായയെ അടിച്ചെങ്കിലും നായ പിന്തിരിഞ്ഞില്ല. കുറേനേരം നായ സുരേഷിന്റെ കയിൽ തന്നെ കടിച്ചുകൊണ്ടിരുന്നു. അൽപ്പസമയത്തിന് ശേഷമാണ് സുരേഷിനെ രക്ഷിച്ചത്. ഇയാളുടെ ശരീരത്തിൽ പതിനഞ്ചോളം മുറിവുകളുണ്ട്.

Post a Comment