തിരുവനന്തപുരം: വനാതിർത്തികളില്‍ കാട്ടാനകളുടെ സാന്നിധ്യം നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന അത്യാധുനിക ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) നിരീക്ഷണ സംവിധാനവുമായി കേരള വനംവകുപ്പ്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ടാറ്റാ മോട്ടോർസ് ഗ്രൂപ്പും ടാറ്റ കമ്മ്യൂണിക്കേഷൻസും ചേർന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നു. ഇതിനായുള്ള ധാരണാപത്രം ഇരുകൂട്ടരും ഒപ്പുവെച്ചു.
സർക്കാരിന്റെ 'മിഷൻ റിയല്‍ ടൈം മോണിറ്ററിംഗ്' എന്ന ദൗത്യാധിഷ്ഠിത പദ്ധതിയുടെ ഭാഗമായാണ് ഈ പൈലറ്റ് പ്രോജക്റ്റ്. വനാതിർത്തികളിലും മനുഷ്യവാസ മേഖലകളോട് ചേർന്ന പ്രദേശങ്ങളിലുമുള്ള അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് സമയബന്ധിത ഇടപെടല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വനാതിർത്തികളില്‍ അത്യാധുനിക എഐ ക്യാമറകള്‍ സ്ഥാപിക്കും. ഇവ തത്സമയം ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് കാട്ടാനകളുടെ സാന്നിധ്യമോ ചലനമോ കണ്ടെത്തുന്ന നിമിഷം തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാദേശിക റെസ്പോണ്‍സ് ടീമുകള്‍ക്കും (പിആർടി) മൊബൈല്‍ സന്ദേശങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കും. ഇതോടെ ആനയിറങ്ങുന്ന വിവരം നേരത്തേ അറിഞ്ഞ് ജനങ്ങളെ ജാഗ്രതപ്പെടുത്താനും അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും.
നെറ്റ്‌വർക്ക് ഇല്ലാത്ത കാടുകളിലും അലർട്ട്
മൊബൈല്‍ നെറ്റ്‌വർക്ക് തീരെയില്ലാത്ത ഉള്‍ക്കാടുകളിലും വിവരങ്ങള്‍ കൈമാറാൻ കഴിയുന്ന ലോറവാൻ (LoRaWAN - Long Range Wide Area Network) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ദീർഘദൂര കണക്റ്റിവിറ്റി സാധ്യമാക്കുന്ന ഈ സംവിധാനം, കവറേജ് പ്രശ്നങ്ങള്‍ മറികടന്ന് കൃത്യമായ തത്സമയ മുന്നറിയിപ്പുകള്‍ ഉറപ്പാക്കും.

إرسال تعليق