തിരുവനന്തപുരം: പീഡന പരാതിയില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധിപറയല്‍ മാറ്റി.
അടച്ചിട്ട മുറിയില്‍ വാദം കേട്ട കോടതി വിധി പിന്നീട് പുറപ്പെടുവിക്കാമെന്ന് നിർദേശിക്കുകയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാല്‍, വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന് മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് രാഹുല്‍ കോടതിയില്‍ അറിയിച്ചത്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നും യുവതി ഗർഭഛിദ്രത്തിന് മരുന്നു കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പ്രതിഭാഗം വാദിച്ചു.
യുവ നേതാവിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം-ബിജെപി ഗൂഢലോചനയുണ്ടെന്നും പരാതിക്കാരിയുടെ സ്ഥാപനത്തിലെ ഉടമ നിർബന്ധിച്ചെന്നുമടക്കമുള്ള കാര്യങ്ങളാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും സമർപ്പിച്ചിട്ടുണ്ട്.
അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയില്‍ ഹാജരായിരിക്കുന്നത്.
ജാമ്യം അനുവദിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാൻ കാരണമായേക്കാം എന്നും, കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും, രാഹുല്‍ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Post a Comment