കാലിഫോര്‍ണിയ: ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ ഒരു പ്രധാന മാറ്റം പരീക്ഷിക്കുന്നു. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്‌ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിക്കാനുള്ള പരീക്ഷണത്തിലാണ് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോർട്ടുകള്‍.
2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്ന് ഒരു സുപ്രധാന മാറ്റമാണിത്. ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്‌ടാഗുകള്‍ ചേർക്കുമ്ബോള്‍ ഒരു എറർ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
എങ്കിലും ഈ ഫീച്ചർ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്‌ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്‌ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്‍താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്ബ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകള്‍.
2011 മുതല്‍ ഇൻസ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്‍റ് കണ്ടെത്തുന്നതിന്‍റെ ഒരു പ്രധാന രീതിയാണ് ഹാഷ്‌ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്‌ടാഗുകള്‍ വരെ ചേർത്തുകൊണ്ട് കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വർധിപ്പിക്കാമായിരുന്നു. എന്നാല്‍ കാലക്രമേണ, ഇൻസ്റ്റഗ്രാമിന്‍റെ റെക്കമൻഡേഷൻ സംവിധാനം മാറി. ഇപ്പോള്‍, എക്‌സ്‌പ്ലോർ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുൻഗണന നല്‍കുന്നു. റീച്ച് വർധിപ്പിക്കുന്നതില്‍ ഹാഷ്‌ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി ആവർത്തിച്ച് പ്രസ്‍താവിച്ചിട്ടുണ്ട്. ഹാഷ്‌ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാർഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Post a Comment