ഇടുക്കി ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ; കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പാഴാക്കിയത് കോടികളെന്ന് ആം ആദ്മി പാർട്ടി



തൊടുപുഴ: ഇടുക്കി ജില്ലാപഞ്ചായത്ത് ഭരണസമിതികൾ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പാഴാക്കിയത് കോടികളെന്ന് ആം ആദ്മി പാർട്ടി.

കഴിഞ്ഞകാലങ്ങളിൽ ജില്ലാ പഞ്ചായത്തിന് അനുവദിച്ചുകിട്ടിയ ഫണ്ടിൽ 50 ശതമാനത്തിൽ താഴെയാണ് വിനിയോഗിച്ചിട്ടുള്ളത്. 

എസ്‍സി, എസ്ടി വിഭാഗത്തിലുള്ള ഫണ്ട് വിനിയോഗത്തിലും ഗുരുതരമായ വീഴ്ചയാണ് ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

എസ്‌സി, എസ്ടി വിഭാഗത്തിന്റെ ഫണ്ട് വിനിയോഗം 80 ശതമാനത്തിൽ താഴെയായതിനാൽ കഴിഞ്ഞ വർഷങ്ങളിൽ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം ജില്ലാപഞ്ചായത്ത് നഷ്ടപ്പെടുത്തി. ഇടുക്കിയിലെ ജനങ്ങൾക്കായി ക്ഷേമപ്രവർത്തനങ്ങൾക്കും നാടിന്റെ വികസനത്തിനും വിനിയോഗിക്കേണ്ട പണമാണ് അനാസ്ഥമൂലം നഷ്ടപ്പെട്ടിട്ടുള്ളത്. ഇത് ജനങ്ങളുടെ മുൻപിൽ തുറന്നുകാണിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം കാര്യക്ഷമവും ജനക്ഷേമമാക്കുന്നതിനും ആം ആദ്മി പാർട്ടി സാരഥികൾ ജയിച്ചുവന്നാൽ സാധ്യമാകും.

ഇടുക്കി ജില്ലാപഞ്ചായത്തിലേക്ക് കരിമണ്ണൂർ ഡിവിഷനിൽനിന്ന്‌ അഡ്വ. ബേസിൽ ജോണും മൂന്നാർ ഡിവിഷനിൽനിന്ന് മാത്യു ജോസും ജയിച്ചാൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വലിയ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ, വർക്കിങ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, സെക്രട്ടറി അലി സജാദ്, ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ, നിയോജകമണ്ഡലം പ്രസിഡന്റ് ലിസി ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post