ഇടുക്കി: ആനച്ചാലില്‍ വിനോദസഞ്ചാരത്തിനിടെ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറിലധികമായി കുട്ടികളടക്കമുള്ളവര്‍ ഡൈനിങില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരായിരുന്നു സ്‌കൈ ഡൈനിങില്‍ കുടുങ്ങി കിടന്നിരുന്നത്. ക്രെയിനിന്റെ സാങ്കേതിക തകരാറായിരുന്നു കുടുങ്ങി കിടക്കാന്‍ കാരണം.
ഫയര്‍ ഫോഴ്‌സ് എത്തിയാണ് കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് സ്വദേശികളായ കുടുംബമാണ് മുകളില്‍ കുടുങ്ങി കിടന്നിരുന്നത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മുകളില്‍ കയറി വടം കെട്ടിയാണ് കുടുങ്ങി കിടന്നവരെ താഴെ ഇറക്കിയത്. സ്‌കൈ ഡൈനിങ് നടത്തിപ്പുകാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായെന്നാണ് സൂചനകള്‍.
ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് സ്കൈ ഡൈനിങില്‍ കുടുങ്ങിയ സ്ത്രീ പറഞ്ഞു. താഴെ നിന്ന് കാര്യങ്ങള്‍ എല്ലാം ഏകോപിപ്പിക്കുന്നുണ്ടായിരുന്നു. വിവരങ്ങള്‍ ലഭിച്ചിരുന്നു അതിനാല്‍ പേടിയുണ്ടായിരുന്നില്ല. അവർ വ്യക്തമാക്കി.

Post a Comment