വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഇരുമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങളുടെ കലവറയാണ് മുരിങ്ങയില.
ആരോഗ്യത്തിന് ഏറെ ഗുണകരമായ മുരിങ്ങയില ഉപയോഗിച്ച് മുടിക്കൊഴിച്ചിൽ അകറ്റാൻ കഴിയുമെന്ന് അറിയാമോ? തലയോട്ടിയെ പോഷിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മുടിക്ക് പരമാവധി വളർച്ച നൽകാനും ഇവ സഹായിക്കുന്നുണ്ട്.
തലമുടിയുടെ ആരോഗ്യത്തിന് മുരിങ്ങയില
മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ വൈറ്റമിൻ എ, സി, ഐ, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കെരാറ്റിൻ്റെ നിർമ്മാണത്തിന് സഹായിക്കുന്ന അമിനോ ആസിഡുകൾ മുരിങ്ങയിൽ ഉണ്ട്. ഇത് മുടി പൊട്ടിപ്പോകുന്നത് തടയാൻ സഹായിക്കും.
മുരിങ്ങയിലയിലെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ, തലയോട്ടിയിലെ കോശങ്ങളെ സംരക്ഷിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ഇതിലെ ആൻറി-ഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും താരൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
മുരിങ്ങ എങ്ങനെ ഉപയോഗിക്കാം?
മുരിങ്ങയുടെ വിത്തുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ മുടി വളരാൻ സഹായിക്കും. മുരിങ്ങ എണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും വച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കാനും മുടിയിഴകളെ മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കും.
അതുപോലെ, ഒരു ടീസ്പൂൺ മുരിങ്ങ പൗഡർ എടുത്ത് തൈര്, കറ്റാർ വാഴ ജെൽ, അല്ലെങ്കിൽ വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റ് വരെ വെച്ച ശേഷം കഴുകി കളയുക.
കൂടാതെ മുടി കഴുകാൻ മുരിങ്ങ വെള്ളവും ഉപയോഗിക്കാം. ഈ ഒരു കപ്പ് ചൂടുവെള്ളത്തിൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം ഈ മുരിങ്ങ പാനീയം ഉപയോഗിച്ച് മുടി കഴുകുക. മുടിക്ക് ബലവും തിളക്കവും നൽകാൻ ഇത് സഹായിക്കും.
മുരിങ്ങയുടെ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നതിലൂടെ മുടി വളർച്ച വർദ്ധിപ്പിക്കും. ദിവസവും 1-2 ടീസ്പൂൺ മുരിങ്ങ പൗഡർ സ്മൂത്തികളിലോ ജ്യൂസുകളിലോ ഇട്ട് കുടിക്കുക. അതുപോലെ ഒരു കപ്പ് ചൂടുവെള്ളത്തിൽ മുരിങ്ങ പൗഡർ ഇട്ട് മുരിങ്ങ ചായയായി കുടിക്കുന്നതും നല്ലതാണ്.

Post a Comment