കണ്ണൂർ : പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.
പയ്യന്നൂർ നിയോജക മണ്ഡലം ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ യു പി സ്‌കൂളിലെ ഓഫീസ് അറ്റൻ്റൻറുമായ അനീഷ് ജോർജ് ആണ് ജീവനൊടുക്കിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വലിയ ജോലിയാണ് ബിഎൽഒമാർ നേരിടുന്നത്.
തിരക്കുള്ള ഈ വോട്ടർപട്ടിക തീവ്രപരിഷ്കരണം എല്ലാവരെയും മാനസികമായി ബാധിച്ചിട്ടുണ്ട്. അനീഷിന് മാത്രമല്ല, ഈ പ്രകൃയുമായി ബന്ധപ്പെട്ട എല്ലാവരും സമാനമായ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നത്. ബിഎൽഒമാരുടെ ഗ്രൂപ്പുകളിൽ ഇവർ ഈ കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
അത്തരത്തിലുളള ചില സന്ദേശങ്ങൾ ഇവയാണ്.
“സമാധാനത്തോടെ ഇതൊന്ന് ചെയ്ത് തീർക്കാൻ അനുവദിച്ചാല്‍ മതി.. നവംബർ 5 മുതല്‍ ഭീഷണിയോടെയുള്ള നിർദ്ദേശങ്ങള്‍ മാത്രമേ കിട്ടുന്നുളളൂ.. ഫോം വിതരണം 100% പൂർത്തിയാക്കാൻ വേണ്ടി മൂന്നാം ദിവസം മുതൽ തുടങ്ങിയതാണ് ഇങ്ങനെ.. ഉയർന്ന ഉദ്യോഗസ്ഥർ ഫീൽഡിൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ , വന്ന് ഭീഷണിപ്പെടുത്തുകയാണ്.. സമയത്ത് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല.. ഓരോ വീട്ടിലും ചെല്ലുമ്ബോള്‍ പലതരം സാഹചര്യങ്ങള്‍.. ഇതൊക്കെ ആരോട് പറയാനാണ്..”
ഭക്ഷണം കഴിക്കാൻ പോലും സമയം ഇല്ലെങ്കിൽ വെള്ളം പോലും പല വീടുകളിൽ നിന്നും വാങ്ങി കുടിക്കാറാണ് പതിവെന്നും വാഷ്‌റൂമിൽ പോകാൻ പോലും പറ്റില്ലെന്നുമൊക്കെ ഉള്ള പരാതികളാണ് പല ഗ്രൂപ്പുകളിലും ചർച്ച ചെയ്യുന്നത്. 'സമാധാനമായി ചെയ്താൽ' തീരുന്ന ഒരു ജോലിയെ ഇത്രയും സങ്കീർണ്ണമാക്കിയത് എന്തിന് എന്ന് മനസിലാകുന്നില്ല' എന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള വാർത്തകൾ ഇനിയും പുറത്തുവരാൻ സാധ്യതയുണ്ടെന്ന സൂചനകൾ പോലും ഇവരുടെ വാക്കുകളിലുണ്ട്.
അതേസമയം അനീഷ് ജോർജ് ചെയ്ത സംഭവത്തിൻ്റെ പൂർണ ഉത്തരവാദി ഇലക്ഷൻ കമ്മീഷനാണെന്ന് കേരള എൻ ജി ഒ യൂണിയൻ. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിക്കുകയും, അതോടൊപ്പം ജോലിയും ചെയ്യേണ്ടി വരുന്ന ഓഫീസർമാർ കടുത്ത മാനസീക സമ്മർദ്ദവും അനുഭവിക്കുന്ന സാഹചര്യത്തില്‍ ജോലികള്‍ പൂർത്തിയാക്കുന്നതിന് സാവകാശം നല്‍കണമെന്നും ഇതേ ആവശ്യം ഉന്നയിച്ചു എല്ലാ ജില്ലാ കളക്ടറെയും കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ ഇതൊന്നും പരിഗണിക്കാതെ എസ് ഐ ആർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയതിന് ജീവനക്കാർക്കുമേൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ ഇരയാണ് അനീഷ് ജോർജെന്ന് എൻജിഒ യൂണിയൻ പ്രസ്താവനയിലൂടെ പറഞ്ഞു.
ഈ സംഭവത്തിൽ ജീവനക്കാർ എസ് ഐ ആർ ജോലി ബഹിഷ്‌ക്കരിക്കുന്നത് ഉൾപ്പെടെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള എൻജിഒ യൂണിയൻ പ്രസ്താവിച്ചു.

إرسال تعليق