സൂര്യന്‍ ഒറ്റപ്പെട്ട നക്ഷത്രമായി ജനിച്ചതല്ല, വാസ്തവത്തില്‍ സൂര്യന് നിരവധി കൂടെപ്പിറപ്പുകള്‍ അല്ലെങ്കില്‍ സഹോദരങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ സിദ്ധാന്തത്തെക്കുറിച്ച് പല തവണ ചര്‍ച്ചകളും നടന്നിട്ടുണ്ട്. എന്നാല്‍ നമുക്ക് അറിയാത്തത് എത്ര കാലം ഈ പറയുന്ന കൂടപ്പിറപ്പുകള്‍ സൂര്യനോട് ഒപ്പമുണ്ടായിരുന്നു എന്നും അകന്ന് പോകാന്‍ ഇടയായ സാഹചര്യം എന്തായിരുന്നു എന്നുമാണ്.
കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സൂര്യനോടൊപ്പം എത്ര നക്ഷത്രങ്ങള്‍ സൗരയൂഥത്തില്‍ പൊട്ടിപ്പുറപ്പെട്ടു എന്നതിനൊപ്പം, അവ ഏതൊക്കെയാണ് എന്നതിനെ കുറിച്ചൊരു പുതിയ പഠനം നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
പഠനങ്ങള്‍ അനുസരിച്ച്, ഏകദേശം 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു വലിയ തന്മാത്രാ മേഘത്തിന്റെ ഒരു ഭാഗം തകര്‍ന്ന് രൂപപ്പെട്ട നക്ഷത്രമാണ് സൂര്യന്‍. അങ്ങനെ സൂര്യന്‍ രൂപപ്പെട്ട സമയത്ത് തന്നെ ആ മേഘത്തില്‍ നിന്നുള്ള വാതകവും പൊടിയും ചേര്‍ന്ന് രൂപപ്പെട്ട മറ്റു നക്ഷത്രങ്ങളും പ്രപഞ്ചത്തില്‍ ഉണ്ടായിരുന്നു. സൂര്യന്റെ കൂടെ ഉണ്ടായിരുന്ന ചെറു നക്ഷത്രങ്ങള്‍ ഗുരുത്വാകര്‍ഷണ ഇടപെടലുകള്‍ മൂലം ഒരുമിച്ച് നില്‍ക്കാന്‍ കഴിയാതെ അകന്നതാകാം എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം.
രണ്ട് നക്ഷത്രങ്ങള്‍ വളരെ അടുത്ത പ്രദേശത്തു കൂടി കടന്നുപോകുമ്ബോഴെല്ലാം, അവയുടെ ശക്തമായ ഗുരുത്വാകര്‍ഷണം കാരണം ഒരുമിച്ച് നില്ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. അങ്ങനെയുള്ള ഏറ്റവും ദുര്‍ബലമായ ചെറിയ നക്ഷത്രങ്ങളോ വസ്തുക്കളോ ഭ്രമണപഥങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയോ പൂര്‍ണ്ണമായും പുറന്തള്ളപ്പെടുകയോ ചെയ്തിരിക്കാം. ഇന്നും നമ്മുടെ സൗരയൂഥത്തിന്റെ വിശാലമായ പ്രദേശങ്ങളില്‍ ആ ചെറു വസ്തുക്കള്‍ സൂര്യനോട് അടുക്കുന്നതും അകന്നുമാറുന്നതും ആയ ദൃശ്യം പലപ്പോഴും കാണാന്‍ സാധിക്കാറുണ്ട് എന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനായി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ അമീര്‍ സിറാജിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സെഡ്‌നോയിഡുകള്‍ എന്നറിയപ്പെടുന്ന ഒമ്ബത് വിദൂര വസ്തുക്കളെ നിരീക്ഷിച്ചു.
സെഡ്‌നോയിഡുകള്‍ സാധാരണയായി 400 au അസ്‌ട്രോണിക്കല്‍ യൂണിറ്റുകള്‍ക്ക് അപ്പുറത്തേക്ക് പരിക്രമണം ചെയ്യാറുണ്ട്. സൗരയൂഥത്തിലെ ഗ്രഹങ്ങളുമായി അത്ര അകലെ അല്ലാത്ത ദൂരത്തില്‍ ആണ് അവ നിലകൊള്ളുന്നത് എന്നാണ് ഗവേഷകര്‍ക്ക് മനസിലായത്. എന്നിരുന്നാലും സൂര്യന് ഇത് മൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടില്ല എന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. പിന്നീട് എന്തുകൊണ്ട് അവ സൂര്യനില്‍ നിന്നകന്നു പോയി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോഴും. സൗരയൂഥം രൂപപ്പെട്ട് 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സൂര്യന്‍ അതിന്റെ നക്ഷത്രസമൂഹത്തില്‍ നിന്ന് വേര്‍പെട്ട് പോയതുകൊണ്ട് ആകാം മറ്റു വസ്തുക്കളും ചെറു നക്ഷത്രങ്ങളും ആയുള്ള ബന്ധം വിട്ടത് എന്നാണ് നിഗമനം. അങ്ങനെയാണെങ്കില്‍, കൃത്യം എത്ര സമയം എടുത്താണ് അത് സംഭവിച്ചതെന്നുള്ള അന്വേഷണത്തിലാണ് ഗവേഷകര്‍.

Post a Comment