ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം മകളെ നരബലി നല്‍കാൻ അമ്മയുടെ ശ്രമം; കഴുത്തിന് പിന്നില്‍ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍: അമ്മ അറസ്റ്റിൽ



ബംഗളൂരു: ക്ഷേത്രത്തില്‍ മകളെ നരബലി നല്‍കാൻ ശ്രമിച്ച അമ്മ പിടിയില്‍. ബംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. കഴുത്തിനുപിന്നില്‍ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബുധനാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. അനേക്കലില്‍ താമസിക്കുന്ന സരോജമ്മയാണ് (55) മകള്‍ രേഖയെ (25) വെട്ടിയത്. ഇരുവരും കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയതായിരുന്നു. പ്രാർഥിച്ചുകഴിഞ്ഞപ്പോഴാണ് സരോജമ്മ മകളെ പിന്നില്‍നിന്ന് അരിവാള്‍ ഉപയോഗിച്ച്‌ വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ സരോജമ്മയെ പിടിച്ചുമാറ്റുകയായിരുന്നു.

രേഖയും ഭർത്താവും സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍വന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് മകളെ നരബലിനല്‍കാൻ സരോജമ്മ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ സംശയം.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. വിവാഹ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി രണ്ട് സ്ത്രീകളും അടുത്തിടെ പ്രത്യേക പ്രാർത്ഥനകള്‍ നടത്തിയിരുന്നുവെന്നും ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post