എസ്ഐആർ: ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കും, 15 ശതമാനത്തോളം ഫോം തിരികെക്കിട്ടിയില്ല



ഇടുക്കി: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കാനിരിക്കേ, പൂരിപ്പിച്ച എന്യൂമറേഷൻ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം. 

15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയപ്പാർട്ടികൾ പറഞ്ഞു.

അർഹരായ പലരും വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമെന്ന ആശങ്കപ്രകടിപ്പിച്ച അവർ സമയം നീട്ടണമെന്ന ആവശ്യം ആവർത്തിച്ചു. 99.5% ഫോമും വിതരണം ചെയ്തെന്നും ബാക്കിയുള്ളവയുടെ വിതരണം ഉടൻ പൂർത്തിയാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ(സിഇഒ) രത്തൻ യു. കേൽക്കർ മറുപടി നൽകി. 

ബാക്കിയുള്ളവയും പൂരിപ്പിച്ച് ഉടൻ തിരികെക്കിട്ടും. ശനിയാഴ്ചവരെ ഡിജിറ്റൈസ് ചെയ്‌തത്‌ 75.35 ശതമാനമാണ്. ഡിജിറ്റൈസ് ചെയ്യാൻ പ്രയാസമുണ്ടെങ്കിൽ കമ്മിഷൻ സഹായിക്കുമെന്നും ഫോം നൽകാൻ നാലുവരെ കാത്തിരിക്കരുതെന്നും സിഇഒ പറഞ്ഞു.

ശ്രദ്ധിക്കുക

* ഫോറം ഒപ്പിട്ടു നൽകുന്ന എല്ലാവരും കരടുപട്ടികയിലുൾപ്പെടും. ഡിസംബർ നാലിനകം ഫോം തിരികെ നൽകാത്തവർ പട്ടികയിലുണ്ടാവില്ല. ഇവർക്ക് ഫോം ആറും(6) ഡിക്ളറേഷൻ ഫോമും പൂരിപ്പിച്ച് നൽകി പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കാം.

* 2002-ലെ പട്ടികയിലെ വിവരങ്ങൾ എന്യൂമറേഷൻ ഫോമിൽ ചേർക്കാത്തവരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെടും പട്ടികയിലുണ്ടെങ്കിൽ ഉദ്യോഗസ്ഥർ വിവരം ചേർക്കും. പട്ടികയിൽ പേരുണ്ടോയെന്നു വൊളൻ്റിയർമാർ വോട്ടറെ അറിയിക്കും.

* ഒഴിവാക്കാനാവാത്ത സാഹചര്യത്തിലും സംശയമുണ്ടെങ്കിലും മാത്രമാകും വോട്ടർക്ക് നോട്ടീസും ഹിയറിങ്ങും. ഉദ്യോഗസ്ഥരുടെ പരിശോധനയുടെയോ പരാതിയുടെയോ അടിസ്ഥാനത്തിൽ മാത്രമേ ഒഴിവാക്കൂ. പരാതികൾ ഇആർഒമാർ പരിശോധിച്ച് നടപടിയെടുക്കും

* കണ്ടെത്താനാകാത്തതോ വിവരം കിട്ടാത്തതോ ആയ വോട്ടർമാരുടെ പട്ടികയും ബൂത്തടിസ്ഥാനത്തിൽ ഒമ്പതിനുശേഷം പ്രസിദ്ധീകരിക്കും. അതിനുമുൻപ് ബിഎൽഒയുടെയും ബിഎൽഎയുടെയും കൈവശം ഈ പട്ടികയുണ്ടാകും

* ഇആർഒയുടെ തീരുമാനത്തിനെതിരേ അപ്പീൽ നൽകേണ്ടത് ആദ്യം കളക്ടർക്കും രണ്ടാമത് സിഇഒയ്ക്കും.

* വോട്ടറുടെ പക്കൽ കമ്മിഷൻ പറയുന്ന 12 രേഖകളിൽ ഒന്നുമില്ലെങ്കിൽ 15 ദിവസത്തിനകം നൽകാൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടും. ഒരു രേഖയും ഇല്ലാത്തവർ സമീപിച്ചാൽ കമ്മിഷൻ സഹായിക്കും.

Post a Comment

Previous Post Next Post