തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളായ കോഴിക്കോട്ടും, കണ്ണൂരുമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍-115.5 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാം. അതുകൊണ്ട് അലര്‍ട്ടുള്ള ജില്ലകളില്‍ ജാഗ്രത വേണം. ഇന്ന് മറ്റ് ജില്ലകളിലെല്ലാം മിതമായ തോതില്‍ മഴ പ്രതീക്ഷിക്കാം.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നാളെ (നവംബര്‍ 20) ഒരു ജില്ലയിലും നിലവില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
21ന് സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അന്ന് നാലു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലും ഇന്ന് ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭക്തര്‍ ജാഗ്രത പാലിക്കണം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ രണ്ട് സെ.മീ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

Post a Comment