നവംബർ 22 മുതല്‍ ഇന്ത്യക്കാർക്കുള്ള ഫ്രീ വിസ റദ്ദാക്കാൻ തീരുമാനിച്ച് ഇറാൻ. തട്ടിപ്പ്, മനുഷ്യക്കടത്ത് കേസുകള്‍ വർദ്ധിച്ചതിനെത്തുടർന്നാണ് ടെഹ്‌റാൻ വിസ സൗകര്യം താല്‍ക്കാലികമായി നിർത്തിവച്ചത്.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ഫെബ്രുവരിയിലാണ് ഇറാൻ ഇന്ത്യക്കാർക്ക് വിസ ഇളവ് ഏർപ്പെടുത്തിയിത്.
ഇസ്ഫഹാൻ, ഷിറാസ് തുടങ്ങിയ പൈതൃക നഗരങ്ങള്‍, ക്വോം, മഷ്ഹാദ് പോലുള്ള തീർത്ഥാടന കേന്ദ്രങ്ങള്‍, മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങള്‍, പുരാതന സില്‍ക്ക് റോഡ് റൂട്ടുകള്‍ എന്നിവ ഇന്ത്യക്കാരെ ഇറാനിലേക്ക് ആകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകള്‍ക്ക് ലഭ്യമായ വിസ ഇളവ് സൗകര്യം മുതലെടുത്ത് ആളുകളെ തൊഴില്‍ വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് എത്താൻ പ്രേരിപ്പിക്കുകയുണ്ടായി. ഇറാനില്‍ എത്തിയപ്പോള്‍, അവരില്‍ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് കർശന ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Post a Comment