പൊൻകുന്നം: ഇടതുമുന്നണിയിലെ സീറ്റുനിർണയം പ്രതിസന്ധിയിൽ. ചിറക്കടവ് ഏഴാംവാർഡില്‍ കേരളകോണ്‍ഗ്രസ് (എം) വാർഡുകമ്മിറ്റി രാജിവെച്ചു. കേരളകോണ്‍ഗ്രസ് നേതാവ് ആന്റണി മാർട്ടിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ച് പ്രചാരണം തുടങ്ങിയ വാർഡില്‍ സി.പി.ഐ സ്ഥാനാർത്ഥിയെ അവർ തീരുമാനിച്ചതാണ് തർക്കങ്ങളുടെ തുടക്കം.
പഞ്ചായത്തംഗമായ കേരളകോണ്‍ഗ്രസ് നേതാവ് ആന്റണി മാർട്ടിന് മത്സരിക്കാൻ വാർഡില്ലാത്തതാണ് വാർഡ് കമ്മിറ്റിയെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ചത്. ഇതോടെ ഇടതുമുന്നണിയിലെ സീറ്റുനിർണയം പ്രതിസന്ധിയിലായി.
ആന്റണി മാർട്ടിൻ മത്സരിക്കാനിരുന്ന വാർഡില്‍ സി.പി.ഐയിലെ കെ.ബാലചന്ദ്രനെ സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി. ഇതിനിടെ എല്‍.ഡി.എഫ് യോഗം ചേർന്ന് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
22 വാർഡുകളില്‍ സി.പി.എം 15 സീറ്റില്‍ മത്സരിക്കും. സി.പി.ഐക്ക് മൂന്ന് വാർഡും കേരളകോണ്‍ഗ്രസിന് അഞ്ചുവാർഡുമെന്നാണ് ആദ്യം ധാരണയായിരുന്നത്. എന്നാല്‍ സി.പി.ഐ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട 10ാം വാർഡ് ഇത്തവണ സി.പി.എം ഏറ്റെടുത്തു. പകരം കേരളകോണ്‍ഗ്രസിന് അനുവദിച്ച അഞ്ച് വാർഡിലൊന്ന് സി.പി.ഐക്ക് വേണമെന്ന വാദമാണ് പ്രശ്നമായത്.

Post a Comment