തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സ്‌കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ വരുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമസ് പരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം ക്രിസ്തുമസ് പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15നാണ് ക്രിസ്തുമസ് പരീക്ഷ ആരംഭിക്കുന്നത്. 23ന് അവസാനിക്കും.
ക്രിസ്തുമസ് പരീക്ഷക്ക് ശേഷം ജനുവരി അഞ്ചിന് സ്‌കൂളുകള്‍ വീണ്ടും തുറക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ക്രിസ്തുമസ് അവധി പുനക്രമീകരിക്കാന്‍ ധാരണയായത്.
അവധി പുനക്രമീകരിച്ചതോടെ പുതുവര്‍ഷ ദിനത്തിനു ശേഷവും കൂടുതല്‍ അവധി ദിനങ്ങള്‍ ലഭിക്കും. കുട്ടികള്‍ക്ക് ഇക്കുറി 12 ദിവസത്തോളം ക്രിസ്തുമസ് അവധി ലഭിക്കും.
അക്കാദമിക് വര്‍ഷത്തിന്റെ തുടക്കത്തില്‍ പുറത്തിറക്കിയ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 19ന് ആയിരുന്നു ക്രിസ്തുമസ് അവധി തുടങ്ങേണ്ടിയിരുന്നത്. ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് ക്രിസ്തുമസ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 11നും നടക്കുന്നതിനാല്‍ സ്‌കൂളുകള്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ടി വരും.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി ആണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒമ്ബതിനും 11നും. ഒമ്ബതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11 നടക്കും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനു ശേഷം സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
ക്രിസ്മസ് പരീക്ഷ വൈകിയതിനാല്‍ രണ്ട് ഘട്ടമായി നടത്തിയാലോ എന്ന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ അവധിക്ക് മുന്‍പും ശേഷവും പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് പരീക്ഷ ഒരു ഘട്ടമായി നടത്താനുള്ള അന്തിമ തീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തില്‍ എടുത്തത്.

Post a Comment