'മുഖ്യമന്ത്രിക്കെതിരായ പരസ്യപ്രതികരണം ഒഴിവാക്കണം'; സതീശന് പ്രതിരോധമൊരുക്കി ലീഗ്

 


കൊച്ചി : പാര്‍ട്ടിയിലും മുന്നണിയിലും അതൃപ്തിയും വിയോജിപ്പുകളും പുകയുന്നതിനിടെ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മുസ്ലിം ലീഗ്. മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെയും പിഎംഎ സലാമിന്റെയും നിലപാട്. മുഖ്യമന്ത്രിയുമായി നേരിട്ടുള്ള രാഷ്ട്രീയബന്ധം ഭരണതലത്തില്‍ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനം നല്‍കുന്നുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.


നേരത്തെയും സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് കൈക്കൊണ്ടിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് ചര്‍ച്ചയായ ഘട്ടത്തില്‍ തന്നെ ലീഗിന്‍റെ പിന്തുണ വി ഡി സതീശന് ആയിരുന്നു. ഭരണത്തിലേറി ആറ് മാസം പിന്നിടുമ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ലീഗ് ഈ പ്രതിരോധ നിലപാട് സ്വീകരിച്ചത്.


നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ സര്‍ക്കാര്‍, ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് പകരം ഗ്രൂപ്പ് വഴക്കുകളിലേക്ക് പോകുന്നത് വലിയ ജനകീയ നിരാശയ്ക്കും തിരിച്ചടിയ്ക്കും വഴിയൊരുക്കും. അതിനാല്‍ ഗ്രൂപ്പ് വടംവലികളില്‍ പങ്കാളികളാകാതെ മുഖ്യമന്ത്രിക്കും ക്യാബിനറ്റിനും ഔദ്യോഗികമായി പിന്തുണ നല്‍കാനാണ് ലീഗിന്റെ തീരുമാനം.


മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധം വഴി ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ണായക സ്വാധീനവും അധികാര പദവികളും ലീഗിന് ലഭിക്കുന്നുണ്ട്. ബോര്‍ഡ്-കോര്‍പ്പറേഷന്‍ പുനസംഘടനയില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ പോലെയുള്ള സുപ്രധാന ക്യാബിനറ്റ് പദവികള്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക് പുറമേ ലീഗിന് ലഭിക്കുന്നത് ഇത്തരത്തിലുള്ള പ്രത്യേക പരിഗണനയുടെ ഭാഗമായാണ് പാര്‍ട്ടി കാണുന്നത്. വി ഡി സതീശന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് പാര്‍ട്ടിക്കും മുന്നണിയില്‍ കൂടുതല്‍ സ്വാധീനവും പരിഗണനയും നല്‍കുമെന്ന് ലീഗ് കണക്കാക്കുന്നു.

Post a Comment

أحدث أقدم