ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവുകൾ തൻ്റെ ഫോണിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മി' സെക്ഷനിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.
മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, യഥാർത്ഥ രാജ്യദ്രോഹി ആരാണെന്നത് ഈ സംവാദത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'വിദേശ ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത് ആരാണ്? ആരാണ് യഥാർത്ഥ രാജ്യദ്രോഹി? എപ്പോൾ മുതലാണ് അവർ ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്? എന്നീ ചോദ്യങ്ങൾക്കെല്ലാം നേർക്കുനേർ സംവാദത്തിൽ വ്യക്തമായ ഉത്തരം ലഭിക്കും. ഇതിന്റെയെല്ലാം തെളിവുകൾ എന്റെ ഫോണിലുണ്ട്, അതിനാലാണ് പ്രധാനമന്ത്രി എൻ്റെ ഫോൺ ചോർത്തുന്നത്', രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും മൈക്ക് ഓഫ് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷക ബില്ലുകൾ, വോട്ട് മോഷണം, ചൈനീസ് അതിർത്തി പ്രശ്നം, ജനറൽ നരവനെയുടെ പുസ്തകം, അദാനി വിഷയം, യുഎസ് വ്യാപാര കരാർ, ജെഫ്രി എപ്സ്റ്റൈൻ വിവാദം തുടങ്ങിയ നിരവധി വിഷയങ്ങൾ രാജ്യത്തിന് മുന്നിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. നീണ്ട പ്രസംഗങ്ങളല്ല, നേർക്കുനേർ സംവാദമാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

إرسال تعليق