ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പിടി ഉഷ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചേക്കും

 


ന്യൂഡല്‍ഹി : ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പി ടി ഉഷ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന സമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. മുമ്പ് നടന്ന സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഒഫ് ഔട്ട്‌സ്റ്റാന്‍ഡിങ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പില്‍ തോറ്റ ഉഷയെ ഐസ് ഹോക്കി അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തതോടെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വഴിത്തിരിവായത്.


ഐഒഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള ജനറല്‍ അസംബ്ലിയിലേക്ക് ഐസ് ഹോക്കി അസോസിയേഷന്‍ വഴി ഉഷ എത്തുമെന്ന് നേരത്തെ തന്നെ ആഭ്യൂഹമുണ്ടായിരുന്നു. ജനറല്‍ അസംബ്ലിയിലേക്ക് മുപ്പത് അംഗീകൃത ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് രണ്ടുപേരെ വീതമാണ് നിര്‍ദേശിക്കാനാവുക. ഉഷ ഒഴിവാക്കി മുന്‍ പ്രസിഡന്റ് ആദില്‍ സുമരിവാല, ജ്യോതിര്‍മയി സിക്കന്ദര്‍ എന്നിവരുടെ പേരാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ നാമനിര്‍ദേശം ചെയ്തത്. പിന്നാലെയാണ് ഐസ് ഹോക്കി തങ്ങളുടെ പ്രതിനിധിയായി ഉഷയെ നാമനിര്‍ദേശം ചെയ്തത്. ഉഷ ഉള്‍പ്പെടെ 60 പേരാണ് നാമനിര്‍ദേശം വഴി ജനറല്‍ അസംബ്ലിയിലെത്തുന്നത്.


നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാനദിന എത്തിയതോടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പോസ്റ്റുകളിലാണ് ഏവരുടെയും കണ്ണുകള്‍. പ്രസിഡന്റ് പോസ്റ്റിലേക്ക് ലണ്ടന്‍ ഒളിമ്പിക്‌സ് മെഡലിസ്റ്റ് ഗഗന്‍ നാരംഗും മത്സരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരാമെന്നാണ് ദേശീയ ഫെഡറേഷന്‍ അംഗങ്ങള്‍ പറയുന്നത്. അതിനിടെ ഐഒഎ പ്രസിഡന്റ് പോസ്റ്റില്‍ താത്പര്യം അറിയിച്ച് സെയ്‌ന നെഹ്വാളും രംഗത്തെത്തിയിരുന്നു. ഇതോടെ ദേശീയ സ്‌പോട്‌സ് മന്ത്രാലയത്തിന് തലവേദനയായിട്ടുണ്ട്.

Post a Comment

أحدث أقدم