ക്വാഡ് ഉച്ചകോടി നാളെ വൈകിട്ട് നാലിന്; മോദിയും ട്രംപും നാളെ കൂടിക്കാഴ്ച നടത്തിയേക്കും

 


ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നാളെ മനിലയിൽ കൂടിക്കാഴ്ച നടത്തിയേക്കും. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാവും മോദി-ട്രംപ് ഹ്രസ്വ ചർച്ച. കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ അല്പസമയത്തിനകം പ്രധാനമന്ത്രി മനിലയിൽ എത്തും. രാവിലെ 8 മണിക്കാണ് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലേക്ക് തിരിച്ചത്.


നാളെ കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിലും ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന് ചർച്ചകൾ നടക്കും. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ക്വാഡ് കൂട്ടായ്മയുടെ യോഗം കഴിഞ്ഞ വർഷം നടന്നിരുന്നില്ല. ഈ വർഷം ഇന്ത്യയിൽ നടക്കേണ്ട ഉച്ചകോടി നാളെ മനിലയിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 


ക്വാഡ് ഉച്ചകോടിയെക്കുറിച്ച് യാത്ര തിരിക്കുന്നതിനു മുമ്പുള്ള ട്വീറ്റിൽ പ്രധാനമന്ത്രി പരാമർശിച്ചില്ല. എന്നാൽ ക്വാഡ് ഉച്ചകോടി നാളെ നടക്കും എന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 4ന് നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് മുമ്പ് പ്രധാനമന്ത്രിയും ഡോണൾഡ് ട്രംപും ചർച്ച നടത്തും എന്നാണ് സൂചന. ഇന്ത്യ-യുഎസ് വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികൾ ചർച്ചയാവും.

Post a Comment

أحدث أقدم